സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. പേസര്‍ പീറ്റര്‍ സിഡില്‍, സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍, മുന്‍നിര ബാറ്റ്‌സ്മാന്‍ ഉസ്‌മാന്‍ ഖവാജ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിണ്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.  

ആരോണ്‍ ഫിഞ്ച് നായകനായ ടീമില്‍ അലക്‌സ് കാരിയാണ് ഉപനായകന്‍. ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, പീറ്റര്‍ ഹാന്‍ഡ്‌കോമ്പ്, ഉസ്‌മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, പീറ്റര്‍ സിഡില്‍, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംബ എന്നിവരാണ് മറ്റ് താരങ്ങള്‍. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി 14 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. അവസാനം നടന്ന ഏകദിന പരമ്പരയില്‍ 1-2ന് ദക്ഷിണാഫ്രിക്കയോട് ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു.