സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിഖ്യാത കങ്കാരുപ്പടയുടെ പുതുതലമുറ ബാറ്റിംഗില്‍ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഇന്ത്യന്‍ പേസര്‍മാരാവട്ടെ സംഹാരതാണ്ഡവമാടി ഓസീസ് ബാറ്റ്സ്‌മാന്‍മാരെ എറിഞ്ഞിടുകയാണ്. സമീപകാലത്തെ ബാറ്റിംഗ് പരാജയം ഇന്ത്യക്കെതിരെയും തുടരുകയാണ് ഓസീസ് ക്രിക്കറ്റ് പട്ടാളം. 

പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒരു ഓസീസ് താരം മാത്രമാണുള്ളത്. ട്രാവിസ് ഹെഡ് മാത്രമാണ് ഇതുവരെ 200ലധികം റണ്‍സ് കണ്ടെത്തിയ ഏക ഓസീസ് ബാറ്റ്‌സ്‌മാന്‍. സിഡ്‌നിയില്‍ ഒരു സമനിലകൊണ്ട് ഇന്ത്യ ചരിത്രമെഴുതും എന്നിരിക്കേ വിജയം മാത്രമാണ് ഓസ്‌ട്രേലിയയുടെ മുന്നിലുള്ള ഏകവഴി. സിഡ്‌നി ടെസ്റ്റില്‍ മൂന്ന് ദിവസം അവശേഷിക്കേ ഓസീസിന് നിലവിലെ പ്രകടനം മതിയാവില്ല.

ഇതിഹാസ നായകന്‍ നായകന്‍ റിക്കി പോണ്ടിംഗ് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍മാരുടെ പ്രകടനത്തെ കുറിച്ച് നടത്തുന്ന വിലയിരുത്തല്‍ ഇങ്ങനെ.
പരമ്പരയില്‍ ഓസീസ് ബാറ്റ്സ്‌മാന്‍മാര്‍ അനവധി തെറ്റുകള്‍ വരുത്തിയെന്ന് പോണ്ടിംഗ് വ്യക്തമാക്കി. സാങ്കേതികമായും മാനസികമായും ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് പിഴവുകള്‍ സംഭവിച്ചു. ബാറ്റിംഗില്‍ ഇന്ത്യയാണ് നിലവില്‍ മുന്നിട്ടുനില്‍ക്കുന്നതെന്ന് പോണ്ടിംഗ് തുറന്നുസമ്മതിച്ചു. 

പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടിക പരിശോധിക്കുക. ആദ്യ അഞ്ച് സ്ഥാനക്കാരില്‍ നാലുപേരും ഇന്ത്യക്കാരാണ്. 217 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനത്താണ്. ഇതേസമയം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത് 350 റണ്‍സ് നേടിക്കഴിഞ്ഞു. എത്രത്തോളം മോശം പ്രകടനമാണ് സ്വന്തം മണ്ണിലെ പരമ്പരയില്‍ തങ്ങളുടെ ബാറ്റ്സ്‌മാന്‍മാര്‍ കാഴ്‌ച്ചവെച്ചതെന്ന് നോക്കുക എന്നും പോണ്ടിംഗ് പറഞ്ഞു.