സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ടീം കാഴ്‌ചവെക്കുന്നത്. പരമ്പരയില്‍ 1-2ന് പിന്നില്‍ നില്‍ക്കുന്ന ഓസീസ് സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിലും വിജയിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ടെസ്റ്റില്‍ സ്വന്തം മണ്ണില്‍ മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഫോളോ ഓണ്‍ ചെയ്യുകയാണ് ഓസ്‌ട്രേലിയന്‍ ടീം.

ക്രിക്കറ്റ് ചരിത്രത്തിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ മോശം പ്രകടനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ പിന്തുണച്ച് മുന്‍ സഹതാരം റിക്കി പോണ്ടിംഗ് രംഗത്തെത്തി. താരങ്ങള്‍ മോശം പ്രകടനം തുടരുന്നു എന്ന് സമ്മതിക്കുന്ന പോണ്ടിംഗ് രാജ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനാണ് ലാംഗറെന്ന് വ്യക്തമാക്കി.

വളരെ സങ്കീര്‍ണമായ സമയമാണിത്. ടീം നന്നായി കളിക്കുന്നില്ല. താരങ്ങള്‍ക്കും ടീം സ്റ്റാഫിനുമെതിരെ മാധ്യമങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നു. എന്നാല്‍ നിലവില്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ലാംഗറേക്കാള്‍ മികച്ചയാളെ കണ്ടെത്താനാവില്ല. ലാംഗര്‍ പ്രതിഭാസമ്പന്നനാണ്. താന്‍ താരങ്ങളുമായി നിരന്തരം സംസാരിക്കാറുണ്ട്. ലാംഗര്‍ ടീമില്‍ സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തില്‍ അവര്‍ സന്തോഷവാന്‍മാരാണെന്നും പോണ്ടിംഗ് പറഞ്ഞു.