Asianet News MalayalamAsianet News Malayalam

പൂജാരയ്ക്കും അര്‍ദ്ധ സെഞ്ചുറി, കോലി പുറത്ത്; ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് പിന്നാലെ ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ 180 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.

ind vs ausis 2018 19 sydney test fifty for pujara live
Author
Sydney NSW, First Published Jan 3, 2019, 10:31 AM IST

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിന് പിന്നാലെ ചേതേശ്വര്‍ പൂജാരയ്ക്കും അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ 180 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 195 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. പൂജാരയും(71)  രഹാനെയുമാണ്(8) ക്രീസില്‍. 

പരമ്പരയിലെ മോശം പ്രകടനം സിഡ്നിയിലെ ആദ്യ ഇന്നിംഗ്സിലും തുടരുകയായിരുന്നു രാഹുല്‍. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്‍റെ കൈകളിലെത്തിച്ചു. എന്നാല്‍ തന്‍റെ രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന  അഗര്‍വാളും 'രണ്ടാം വന്‍മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ ഇന്ത്യയെ നയിച്ചു. 

ഉച്ചഭക്ഷണശേഷം ആവേശം അല്‍പം അതിരുകടന്നത് മായങ്കിന് വിനയായി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം സെഷനില്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിംഗ്സിന് വേഗം കൂട്ടി. 34-ാം ഓവറിലെ നാലാം പന്തില്‍ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാല്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ വീണ്ടും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്ക് പിടിച്ച് പുറത്തായി. 

രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് മായങ്ക്- പൂജാര സഖ്യം നേടി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണ് മായങ്ക് നേടിയത്.  പൂജാരയ്ക്കൊപ്പം നായകന്‍ വിരാട് കോലി ചേര്‍ന്നതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടുകെട്ട് പ്രതീക്ഷിച്ചു. എന്നാല്‍ 59 പന്തില്‍ 23 റണ്‍സെടുത്ത കോലിയെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ പെയ്‌നിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios