വിജയ് ശങ്കര്‍ റണ്‍ഔട്ടായതോടെ അമ്പാട്ടി റായുഡുവിനെ ശകാരിച്ച് നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. പുറത്താകുമ്പോള്‍ 64 പന്തില്‍ 45 റണ്‍സെടുത്തിരുന്നു ശങ്കര്‍.
വെല്ലിങ്‌ടണ്‍: ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ തുടക്കത്തില്‍ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. വെറും18 റണ്‍സിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ അഞ്ചാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്ത അമ്പാട്ടി റായുഡു- വിജയ് ശങ്കര്‍ സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍ 32-ാം ഓവറിലെ അഞ്ചാം പന്തില്‍ ഇരുവര്‍ക്കുമിടയിലെ ആശയക്കുഴപ്പം ഇന്ത്യയുടെ അടുത്ത വിക്കറ്റ് നഷ്ടമാക്കി.
മണ്‍റോയുടെ പന്തില്‍ വിജയ് ശങ്കര്‍ ഷോര്‍ട്ട് മിഡ് വിക്കറ്റിലേക്ക് കളിച്ചു. ശങ്കര്‍ ഓടിത്തുടങ്ങിയില്ലെങ്കിലും നോണ്‍ സ്‌ട്രൈക്കര്‍ അമ്പാട്ടി റായുഡു ഓടി. അതോടെ റണ്‍ പൂര്‍ത്തിയാക്കാന്‍ ശങ്കര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും റണ്‍ഔട്ടായി. നീഷാന്‍റെ ത്രോ ദിശമാറിയാണ് വന്നതെങ്കിലും മണ്‍റോ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. അനാവശ്യമായി വിക്കറ്റ് വീണതോടെ ബാറ്റ് പാഡില്‍ അടിച്ച് അമര്‍ഷം രേഖപ്പെടുത്തിയാണ് ശങ്കര്‍ ക്രീസ് വിട്ടത്.
ഇതോടെ അമ്പാട്ടി റായുഡുവിനെ ശകാരിച്ച് നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. പുറത്താകുമ്പോള്‍ 64 പന്തില്‍ 45 റണ്‍സെടുത്തിരുന്നു ശങ്കര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായി. റായുഡു സെഞ്ചുറിക്കരികെ(90) പുറത്തായപ്പോള്‍ ശങ്കറും(45) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) ഇന്ത്യക്ക് രക്ഷകരായി. കിവീസിനായി ഹെന്‍റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്‌ത്തി.
