ധവാന് എഴാം സെഞ്ചുറി, മുരളി വിജയിന് പന്ത്രണ്ടാം സെഞ്ചുറി 13 ഓവറില്‍ 32 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാമിന്‍ അഫ്ഗാന് വേണ്ടി തിളങ്ങി
ബംഗളുരു: ആദ്യ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കാന് അഫ്ഗാനിസ്ഥാന്റെ പോരാട്ടം. ബംഗളുരുവിലാരംഭിച്ച ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് സെഷനുകളിലും പകച്ചുനിന്ന അഫ്ഗാന് അവസാന സെഷനില് കരുത്തുകാട്ടി. അവസാന സെഷനില് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് അഫ്ഗാന് പിഴുതെറിഞ്ഞത്. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില് 347 എന്ന നിലയിലാണ്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ഓപ്പണര്മാരായ ശിഖര് ധവാനും മുരളി വിജയും ചേര്ന്ന് ഗംഭീര തുടക്കമാണ് നല്കിയത്. ഇരുവരും സെഞ്ചുറി നേടിയപ്പോള് ഇന്ത്യന് കൂറ്റന് സ്കോറിലേക്കാണ് നീങ്ങിയത്. ആദ്യ ദിനത്തിന്റെ ആദ്യ സെഷന് അവസാനിക്കുന്നതിനു മുമ്പെ ധവാന് സെഞ്ചുറി നേടിയിരുന്നു. ധവാനു പിന്നാലെ മുരളി വിജയും മൂന്നക്കം കടക്കുകയായിരുന്നു.
ധവാന് ആക്രമണ ശൈലിയിലാണ് മുന്നേറിയതെങ്കില് മുരളി വിജയ് സ്വതസിദ്ധമായ ശൈലിയിലാണ് ബാറ്റ് വീശിയത്. അഫ്ഗാന് ബൗളര്മാരെ അനായാസം നേരിടുകയായിരുന്നു ഇവർ. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറി നേടിയ ധവാന് 96 പന്തില് 107 റണ്സ് നേടിയാണ് ധവാന് പുറത്തായത്. അഫ്ഗാന് ബൗളര്മാരെ തലങ്ങും വിലങ്ങും പായിച്ച ധവാന് 3 സിക്സറുകളും 19 ബൗണ്ടറികളും നേടി.143 പന്തില് 15 ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് മുരളി സെഞ്ചുറി നേടിയത്.
യാമിനാണ് ധവാനെ പുറത്താക്കി അഫ്ഗാന് ആദ്യ ആശ്വാസം നല്കിയത്. ധവാന് പകരക്കാരനായെത്തിയ കെ എല് രാഹുല് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഇന്ത്യന് സ്കോര് ഏകദിന ശൈലിയില് മുന്നേറി. എന്നാല് 12 ാം ടെസ്റ്റ് സെഞ്ചുറിയ്ക്ക് പിന്നാലെ മുരളി പുറത്തായതോടെ അഫ്ഗാന് കളം പിടിക്കുകയായിരുന്നു.
105 റണ്സ് നേടി മുരളിയെ വഫാദര് വിക്കറ്റിനുമുന്നില് കുരുക്കുകയായിരുന്നു. 52 റണ്സ് നേടിയ കെ എല് രാഹുലിന്റെ വിക്കറ്റ് യാമിന് തെറിപ്പിച്ചതോടെ ഇന്ത്യന് മധ്യനിര ആടി ഉലഞ്ഞു. 35 റണ്സ് നേടിയ പൂജാരയെ മുജീബ് ഉര് റഹ്മാനും 10 റണ്സ് നേടിയ അജിങ്ക്യ രഹാനയെ റാഷിദ് ഖാനും വീഴ്ത്തി. 4 റണ്സ് നേടിയ ദിനേശ് കാര്ത്തിക് റണ്ണൗട്ടായതോടെ ഇന്ത്യ അപകടം മണത്തെങ്കിലും ഹര്ദ്ദിക് പാണ്ഡ്യയും അശ്വിനും ചേര്ന്ന് കൂടുതല് നഷ്ടമുണ്ടാക്കാതെ ആദ്യ ദിനത്തെ കളി അവസാനിപ്പിച്ചു.
ഇന്ത്യന് മണ്ണില് അത്ഭുതം കാട്ടുമെന്ന് പറഞ്ഞെത്തിയ റാഷിദ്ഖാനെ ഇന്ത്യന് ബാറ്റ്സ്മാന്മാര് തിരഞ്ഞുപിടിച്ച് തല്ലിയെങ്കിലും നായകന് അജിങ്ക്യ രഹാനയെ വിക്കറ്റിന് മുന്നില് കുരുക്കി കരുത്തുകാട്ടാന് അഫ്ഗാന് സ്പിന്നര്ക്കു സാധിച്ചു. 26 ഓവര് ബൗള് ചെയ്ത റാഷിദ് 120 റണ്സ് വിട്ടുനില്കി. 13 ഓവറില് 32 റണ്സ് വിട്ടുനല്കി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാമിനാണ് അഫ്ഗാന് ബൗളര്മാരില് തിളങ്ങിയത്.
