ബംഗളുരു: കെ എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം കൂടി ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ വലിയ നാണക്കേടില്‍ അകപ്പെടുമായിരുന്നു. നഥാന്‍ ലിയോണ്‍ എന്ന ഓസീസ് സ്‌പിന്നറുടെ മുന്നില്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 50 റണ്‍സിന് എട്ടു വിക്കറ്റെടുത്ത ലിയോണിന്റെ പ്രകടനത്തിന്റെ മികവില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 189 റണ്‍സിന് പുറത്താക്കി. 90 റണ‍്സെടുത്ത കെ എല്‍ രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. കരുണ്‍ നായര്‍ 26 റണ്‍സെടുത്ത് പുറത്തായി. പൂജാര(17), കൊഹ്‌ലി(12), ആജിന്‍ക്യ രഹാനെ(17) എന്നിവരും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി നഥാന്‍ ലിയോണ്‍ എട്ടു വിക്കറ്റെടുത്തു. പൂജാര, കൊഹ്‌ലി, രഹാനെ, അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളും ലിയോണ്‍ ആണ് സ്വന്തമാക്കിയത്. 205 പന്ത് നേരിട്ട രാഹുല്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പടെയാണ് 90 റണ്‍സെടുത്തത്. ഒമ്പതാമനായാണ് രാഹുല്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് ഒക്കേഫെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള്‍ വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്‌ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്.