കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 382 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം 366 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ജയം 15 റണ്‍സിനായിരുന്നു. ഇയന്‍ മോര്‍ഗന്റെ(102) സെഞ്ച്വറിയും ജേസന്‍ റോയ്(82), മൊയിന്‍ അലി(55) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് കരുത്തേകിയത്. എന്നാല്‍ വിജയലക്ഷ്യം ഭേദിക്കാന്‍ ഈ പോരാട്ടം മതിയായിരുന്നില്ല. ഇന്ത്യയ്‌ക്ക് വേണ്ടി ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റും, ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റും സ്വന്തമാക്കി. സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തേകിയ യുവരാജ് സിംഗ് ആണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ യുവരാജ് സിംഗ്(150), എം എസ് ധോണി(134) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളുടെ കരുത്തിലാണ് 381 റണ്‍സ് അടിച്ചുകൂട്ടിയത്. ഒരു ഘട്ടത്തില്‍ മൂന്നിന് 25 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ യുവരാജ്-ധോണി സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 256 റണ്‍സാണ് അടിച്ചുകൂട്ടിയത്.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ജനുവരി 22ന് കൊല്‍ക്കത്തയില്‍ നടക്കും.
