ക്വാലാലംപൂര്‍: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ മലേഷ്യയെ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ആതിഥേയരെ ഇന്ത്യ മുട്ടുകുത്തിച്ചത്. ലീഗിലെ എല്ലാം മത്സരവും ജയിച്ചെത്തിയ മലേഷ്യയ്ക്ക് നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയുണ്ടായിരുന്നെങ്കിലും ഇന്ത്യയെ കീഴടക്കാന്‍ അത് മതിയായിരുന്നില്ല. ആദ്യ ക്വാര്‍ട്ടറില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് നിറയൊഴിച്ച രൂപീന്ദര്‍പാല്‍ സിംഗാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. രണ്ടാം ക്വാര്‍ട്ടറില്‍ റാഹിമിലൂടെ ഗോള്‍ മടക്കി മലേഷ്യ ഒപ്പം പിടിച്ചു.
അവസാന റൗണ്ടില്‍ കളി തീരാന്‍ 11 മിനുട്ട് കൂടി ബാക്കിയിരിക്കെ സുരേന്ദര്‍ കുമാറിന് മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരായി ചുരുങ്ങിയെങ്കിലും പോരാട്ടവീര്യം വിടാതെ ഇന്ത്യ പൊരുതി. അവസരം മുതലെടുത്ത് തുടര്‍ച്ചയായി മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ നേടിയ മലേഷ്യ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ കീപ്പര്‍ സ്ഥാനത്ത് പി ആര്‍ ശ്രീജേഷിന് പകരം കളിച്ച ആകാശ് ചിക്തെയുടെ മിന്നുന്ന സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.
കളി തീരാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിട്ട രൂപീന്ദര്‍ പാല്‍ സിംഗ് തന്നെയാണ് ഇന്ത്യയുടെ ജയമുറപ്പിച്ചത്. കളി തീരാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ സമനില ഗോളിനായി മലേഷ്യയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ചിക്തെയുടെ മിന്നും സേവ് ഇന്ത്യന്‍ ജയം ഉറപ്പിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. ഇന്നലെ ചൈനയെ തകർത്ത് ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒൻപത് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.
