മുംബൈ: ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മൗറീഷ്യസിനെ തോല്‍പ്പിച്ചു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ ബല്‍വന്ത് സിങ് നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പതിന്നാലാം മിനിട്ടില്‍ മെര്‍വിന്‍ ജോസ്‌ലിന്റെ ഗോളിന് മൗറീഷ്യസാണ് മുന്നിലെത്തിയത്. മുപ്പത്തിയേഴാം മിനിട്ടില്‍ ഇന്ത്യ തിരിച്ചടിച്ചു. റൗളിന്‍ ബോര്‍ഗസിന്റെ പാസില്‍നിന്ന് റോബിന്‍ സിങാണ് ഇന്ത്യയെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയില്‍ അറുപത്തിരണ്ടാം മിനിട്ടിലായിരുന്നു ബല്‍വന്ത് സിങ് ഇന്ത്യയ്‌ക്ക് വിജയഗോള്‍ സമ്മാനിച്ചത്. മുംബൈയിൽ വച്ച് നടന്ന മത്സരത്തിൽ സന്ദേശ് ജിങ്കാനാണ് നീലപ്പടയെ നയിച്ചത്. സ്ഥിരം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ക്ലബ് മത്സരമുള്ളതിനാൽ കളിച്ചില്ല. ഓഗസ്റ്റ് 24ന് സെന്റ് കിറ്റ്സിനെതിരെയാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.