കൊളംബോ: അഖില ധനഞ്ജയയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ മൂന്നാം ഏകദിനത്തിലും ഇന്ത്യ ഒന്നു വിറച്ചു, പക്ഷേ വീണില്ല. രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും എംഎസ് ധോണിയുടെ അര്‍ധ സെഞ്ചുറിയുടെയും മികവില്‍ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ലങ്കയെ വീഴ്ത്തി ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലെത്തി. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 217/9. ഇന്ത്യ 45.1 ഓവറില്‍ 218/4.

145 പന്തില്‍ റണ്‍സുമായി 124 രോഹിത്തും 87 പന്തില്‍ പന്തില്‍ 67 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു. ഇന്ത്യന്‍ ജയത്തിലേക്ക് എട്ട് റണ്‍സ് മാത്രം മതിയായിരുന്നപ്പോള്‍ ലങ്കയുടെ പ്രകടനത്തില്‍ നിരാശരായ കാണികള്‍ ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് കുപ്പിയേറ് നടത്തിയതോടെ അല്‍പനേരം മത്സരം നിര്‍ത്തിവെച്ചത് ലങ്കയ്ക്ക് തോല്‍വിയ്ക്ക് പുറമെ മറ്റൊരു നാണക്കേടായി.

പതിവില്‍ നിന്ന് വ്യത്യസ്തമായി തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തകര്‍പ്പന്‍ ഫോമിലുള്ള ശീഖര്‍ ധവാനെ(5) ക്ലീന്‍ ബൗള്‍ഡാക്കി മലിംഗ ഇന്ത്യയെ ഞെട്ടിച്ചു. ഒമ്പത് റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെ ഇന്ത്യയുടെ മാസ്റ്റര്‍ ചേസറായ ക്യാപ്റ്റന്‍ വിരാട് കോലിയും(3) ഫെര്‍ണാണ്ടോയ്ക്ക് കീഴടങ്ങിയതോടെ ഇന്ത്യ ഒന്നു വിറച്ചു. കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് രോഹിത്ത് ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കഴിഞ്ഞ മത്സരത്തിലെ ബൗളിംഗ് ഹീറോ അഖില ധനഞ്ജയ ഇന്ത്യയെ ഞെട്ടിച്ചത്.

ആദ്യം രാഹുലിനെ(17) തിരിമന്നെയുടെ കൈകകളിലെത്തിച്ച ധനഞ്ജയ നേരിട്ട രണ്ടാം പന്തില്‍ കേദാര്‍ ജാദവിനെ(0)യും കൂടി മടക്കിയതോടെ ഇന്ത്യ വീണ്ടും കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന് ആരാധകര്‍ കരുതി. എന്നാല്‍ ലങ്കയ്ക്കെതിരെ ഇതുവരെയുള്ള മോശം പ്രകടനങ്ങളുടെയെല്ലാം പാപക്കറ കഴുകിക്കളഞ്ഞ് രോഹിത് ക്രീസ് നിറഞ്ഞതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.145 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്സറും പറത്തിയാണ് രോഹിത്ത് 124 റണ്‍സടിച്ചത്. 118 പന്തിലാണ് രോഹിത് പന്ത്രണ്ടാം ഏകദിന സെഞ്ചുറിയിലെത്തിയത്.

തുടക്കത്തിലെ രോഹിത്തിന് പറ്റിയ കൂട്ടായും നിലയുറപ്പിച്ചശേഷം ട്രേഡ് മാര്‍ക്ക് സിക്സറുകളുമായി ധോണിയും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ ജയം അനായാസമായി. ലങ്കക്കായി ധനഞ്ജയ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 80 റണ്‍സടുത്ത തിരിമന്നെയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജസ്‌പ്രീത് ബൂമ്രയാണ് ലങ്കയുടെ നടുവൊടിച്ചത്.

തോറ്റാല്‍ പരമ്പര നഷ്‌ടമാകുമെന്ന തിരിച്ചറിവില്‍ കരുതലോടെയാണ് ലങ്ക കളിതുടങ്ങിയത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ഡിക്‌വെല്ല(13) ഡ്രസ്സിംഗ് റൂമില്‍ തരിച്ചെത്തി. ബൂമ്ര തന്നെയാണ് ലങ്കയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബൂമ്രയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(1) രോഹിത് ശര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതോടെ ലങ്ക മെല്ലെപ്പോക്കിലായി. ടീമിലേക്ക് തിരിച്ചെത്തിയ ചണ്ഡിമലും തിരിമന്നെയും ചേര്‍ന്ന് ലങ്കയെ 100ലെത്തിച്ചെങ്കിലും ചണ്ഡിമലിനെ(36) വീഴ്‌ത്തി ഹര്‍ദ്ദീക് പാണ്ഡ്യ ആ കൂട്ടുകെട്ട് പൊളിച്ചു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായ ലങ്കയെ 200 കടത്തിയത് 105 പന്തില്‍ 80 റണ്‍സെടുത്ത തിരിമന്നെയുടെ ഇന്നിംഗ്സായിരുന്നു. വാലറ്റത്ത് സിരിവര്‍ധനെ(27 പന്തില്‍ 29)യുടെ മികവ് ലങ്കയെ 216ല്‍ എത്തിച്ചു. ഇന്ത്യക്കായി ബൂമ്ര 27 റണ്‍സ് വഴങ്ങി അഞ‌്ച് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യയും പട്ടേലും ജാദവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.