പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തു. ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യസമ്പൂര്‍ണ പരമ്പ ജയം ആണിത്. 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്ത ശ്രീലങ്ക 181 റണ്‍സിനു പുറത്തായി. മല്‍സരം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ ജയം. ലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്.

28.3 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അശ്വിനും 15 ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴിത്തിയ മുഹമ്മദ് ഷാമിയും ചേര്‍ന്നാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയം കൂടിയാണിത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 റണ്‍സിനെതിരെ ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സാണെടുത്തത്. 

ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ആദ്യ മല്‍സരം ഓഗസ്റ്റ് 20നാണ്.