ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലും വിജയത്തുടക്കമിട്ട് ഇന്ത്യ.പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 13 പന്തുകളും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 109/8, ഇന്ത്യ 17.5 ഓവറില്‍ 110/5.

കൊല്‍ക്കത്ത: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലും വിജയത്തുടക്കമിട്ട് ഇന്ത്യ.പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 13 പന്തുകളും അഞ്ചു വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 109/8, ഇന്ത്യ 17.5 ഓവറില്‍ 110/5.

വിന്‍ഡീസ് ഉയര്‍ത്തിയ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ മുട്ടിടിച്ചാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(6) മടങ്ങി. പിന്നാലെ ശീഖര്‍ ധവാനും(3) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ ഒന്ന് ഞെട്ടി. റിഷഭ് പന്തും(1), കെ എല്‍ രാഹുലും(16), ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 45 റണ്‍സെ ഉണ്ടായിരുന്നുള്ളു.

അഞ്ചാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും(19) ചേര്‍ന്ന് ഇന്ത്യയെ അപകട മുനമ്പില്‍ നിന്ന് കരകയറ്റി. എന്നാല്‍ സ്കോര്‍ 83ല്‍ നില്‍ക്കെ മനീഷ് പാണ്ഡെയെ മടക്കി വിന്‍ഡീസ് ഇന്ത്യയെ പ്രതിസന്ധിയാലക്കിയെങ്കിലും അരങ്ങേറ്റക്കാരന്‍ ക്രുനാല്‍ പാണ്ഡ്യയുടെയും(9 പന്തില്‍ 21 നോട്ടൗട്ട്) ദിനേശ് കാര്‍ത്തിക്കിന്റെയും(34 പന്തില്‍ 31 നോട്ടൗട്ട്) മികവില്‍ ഇന്ത്യ ജയിച്ചു കയറി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് തകര്‍ത്തത്. 27 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഫാബിയന്‍ അലനാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. സ്കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് എത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിന് പിന്നീടൊരിക്കലും തല ഉയര്‍ത്താനായില്ല.

ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്‌മാന്‍ പവല്‍(4) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ എട്ടാം വിക്കറ്റില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫാബിയന്‍ അലനും കീമോ പോളും(15 നോട്ടൗട്ട്) ആണ് വിന്‍ഡീസിനെ 100 കടക്കാന്‍ സഹായിച്ചത്. വിന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ ഹെറ്റ്മെയറെ ബൂംമ്ര പുറത്താക്കി. പൊള്ളാര്‍ഡിനെ ക്രുനാല്‍ പാണ്ഡ്യ വീഴ്ത്തിയപ്പോള്‍ ബ്രാവോയും പവലും ബ്രാത്ത്‌വെയ്റ്റും കുല്‍ദീപിന്റെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി.