ദില്ലി: ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിക്കാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് സുരേഷ് റെയ്ന. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് നായകനായ സുരേഷ് റെയ്‌ന ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം പ്രഖ്യാപനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഇത് സംബന്ധിച്ച് പ്രതികരിച്ചു. ഈ സീസണില്‍ ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമാണ് റെയ്ന ഇതുവരെ പുറത്തെടുത്തത്.

ഞാനിപ്പോള്‍ എന്താണ് പറയേണ്ടത്?. ഇത് ശരിക്കും നിരശാപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. ഞാന്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നു. ഞാന്‍ സ്ഥിരതയുളള പ്രകടനമാണ് കാഴ്ച്ചവെച്ചത്, ഐപിഎല്ലില്‍ ഞാനത് തെളിയിച്ചതുമാണ്
സുരേഷ് റെയ്‌ന പരാതിപ്പെടുന്നു.

എനിക്കെതിരെ ഉയര്‍ന്ന എല്ലാ പോരായ്മ വാദങ്ങള്‍ക്കും എന്‍റെ ബാറ്റ് മറുപടി നല്‍കുമെന്നും, ഒരിക്കല്‍ താന്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും റെയ്‌ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്‍റെ ശ്രദ്ധ മുഴുവനും ഇനി അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളിലാണെന്നും മികച്ച സ്‌കോര്‍ കണ്ടെത്തി ടീമിനെ വിജയത്തിലെക്കുകയെന്നതാണ് താന്‍ ലക്ഷ്യം വെക്കുന്നതെന്നും റെയ്‌ന പറയുന്നു. ഈ ഐപിഎല്‍ സീസണില്‍ 12 ഓവറില്‍ 434 റണ്‍സാണ് റെയ്ന ഇതുവരെ സ്കോര്‍ ചെയ്തിരിക്കുന്നത്.