ഗ്രോസ് ഐലെറ്റ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്‌ക്ക് മോശം തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് പിറക്കുംമുമ്പ് ഇന്ത്യയ്‌ക്ക് നാലു മുന്‍നിര ബാറ്റ്‌സ്‌മാന്‍മാരെ നഷ്‌ടപ്പെട്ടു. കെ എല്‍ രാഹുല്‍(50), ശിഖര്‍ ധവാന്‍ (ഒന്ന്), വിരാട് കൊഹ്‌ലി(മൂന്ന്), രോഹിത് ശര്‍മ്മ(ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലിന് 114 എന്ന നിലയിലാണ്. 33 റണ്‍സുമായി അജിന്‍ക്യ രഹാനെയും പത്തു റണ്‍സോടെ ആര്‍ അശ്വിനുമാണ് ക്രീസില്‍. 87 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യയ്‌ക്ക് നാലു വിക്കറ്റുകള്‍ നഷ്‌ടമായത്. വെസ്റ്റിന്‍ഡീസിനുവേണ്ടി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഷാനോണ്‍ ഗബ്രിയേല്‍, റോസ്റ്റണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്. ചേതേശ്വര്‍ പൂജാരയ്‌ക്ക് പകരം രോഹിത് ശര്‍മ്മയും, അമിത് മിശ്രയ്‌ക്ക് പകരം രവീന്ദ്ര ജഡേജയും ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. പരിക്കില്‍നിന്ന് മോചിതനാകാത്ത മുരളി വിജയ്‌യുടെ പകരക്കാരനായ കെ എല്‍ രാഹുല്‍ ഈ മല്‍സരത്തിലും ശിഖര്‍ ധവാനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്‌തു.
ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഈ മല്‍സരം ജയിക്കാനായാല്‍ ഇന്ത്യയ്‌ക്ക് പരമ്പര വിജയം ഉറപ്പാക്കാനാകും.
