ഇരുവശത്തേക്കു ചായുമെന്ന് തോന്നിച്ചശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയിക്കാന്‍ 243 റണ്‍സ് തേടി ബാറ്റു ചെയ്‌ത ഇന്ത്യ 49.3 ഓവറില്‍ 236 റണ്‍സിന് പുറത്താകുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരാതിരുന്ന മല്‍സരത്തില്‍ 41 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ടോപ് സ്‌കോറര്‍. ധോണി 39 റണ്‍സും അവസാന നിമിഷം വരെ പോരാടിയ ഹര്‍ദ്ദിക് പാണ്ഡ്യ36 റണ്‍സും നേടി. രഹാനെ 28 റണ്‍സെടുത്തപ്പോള്‍ ഒമ്പത് റണ്‍സെടുത്ത് കൊഹ്‌ലി നിരാശപ്പെടുത്തി. ഒരവസരത്തില്‍ എട്ടിന് 183 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും ഒമ്പതാം വിക്കറ്റില്‍ പാണ്ഡ്യയും ഉമേഷ് യാദവും ചേര്‍ന്ന് നടത്തിയ പോരാട്ടം ഇന്ത്യയ്‌ക്ക് പ്രതീക്ഷയേകി. എന്നാല്‍ ബോള്‍ട്ടിന്റെ പന്തില്‍ പാണ്ഡ്യ പുറത്തായതോടെയാണ് ഇന്ത്യ തോല്‍വിയിലേക്ക് എത്തിയത്. ന്യൂസിലാന്‍ഡിനുവേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബൗള്‍ട്ട് ഗുപ്‌ടില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഒമ്പതിന് 242 റണ്‍സെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണാണ്(118) ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. 128 പന്ത് നേരിട്ട വില്യംസണ്‍ 14 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 118 റണ്‍സെടുത്തത്. വില്യംസണ്‍ കഴിഞ്ഞാല്‍ 46 റണ്‍സെടുത്ത ടോം ലഥാമാണ് കീവിസ് നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്‌മാന്‍. രണ്ടാം വിക്കറ്റില്‍ വില്യംസണും ലഥാമും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കുവേണ്ടി ജസ്‌പ്രീത് ബംറ, അമിത് മിശ്ര എന്നിവര്‍ മൂന്നു വിക്കറ്റ് വീതമെടുത്തു. വില്യണസിന്റെയും ടെയ്‌ലറുടെയും ആന്‍ഡേഴ്‌സന്റെയും വിക്കറ്റ് സ്വന്തമാക്കിയ അമിത് മിശ്രയാണ് ന്യൂസിലാന്‍ഡിന് വലിയ തിരിച്ചടി നല്‍കിയത്. ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മൂന്നാം ഏകദിനം ഒക്‌ടോബര്‍ 23ന് മൊഹാലിയില്‍ നടക്കും.
