ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. ശിഖര്‍ ധവാന്റെ അര്‍ദ്ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത്. ലഞ്ചിന് കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 115 എന്ന നിലയിലാണ് ഇന്ത്യ. 64 റണ്‍സോടെ ശിഖര്‍ ധവാനും 37 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസിലുള്ളത്. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നുവാന്‍ പ്രദീപിന്റെ പന്തിലാണ് അഭിനവ് മുകുന്ദ് പുറത്തായത്. അഭിനവ് മുകുന്ദ് പുറത്തായശേഷം ഒത്തുചേര്‍ന്ന ധവാനും പൂജാരയും ചേര്‍ന്ന് മികച്ച അടിത്തറയാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ലങ്കന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും വേഗതയില്‍ റണ്‍സ് കണ്ടെത്തുകയും ചെയ്തു. കൂട്ടത്തില്‍ ധവാനായിരുന്നു കൂടുതല്‍ ആക്രമണകാരി. ടെസ്റ്റ് ക്രിക്കറ്റിലെ നാലാമത്തെ അര്‍ദ്ധസെഞ്ച്വറിയാണ് ധവാന്‍ നേടിയത്.
ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. നായകന്‍ വിരാട് കോലിയാണ് പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.
