ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 282 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും(190) അര്‍ദ്ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും(പുറത്താകാതെ 77) ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരട്ടസെഞ്ച്വറിക്ക് 10 റണ്‍സ് അകലെ പുറത്തായെങ്കിലും ധവാന്റെ ആക്രമണാത്മക ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വെറും 168 പന്ത് മാത്രം നേരിട്ടാണ് ധവാന്‍ 190 റണ്‍സെടുത്തത്. 31 ബൗണ്ടറികളാണ് ധവാന്‍ അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ ധവാന്റെ അഞ്ചാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ശ്രീലങ്കയ്ക്കെതിരെ ധവാന്‍ നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയുമാണിത്. ചായയ്‌ക്ക് പിരിയുമ്പോള്‍ രണ്ടിന് 282 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ചേര്‍ന്ന് 253 റണ്‍സാണ് അടിച്ചുകൂട്ടിയത്. 12 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രണ്ടു വിക്കറ്റും നുവാന്‍ പ്രദീപാണ് സ്വന്തമാക്കിയത്.

ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. നായകന്‍ വിരാട് കോലിയാണ് പാണ്ഡ്യയ്ക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.