ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. കോളിന്‍ മണ്‍റോ (72), ടിം സീഫെര്‍ട്ട് (43), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (30) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. 

ആദ്യ വിക്കറ്റില്‍ സീഫെര്‍ട്ട്- മണ്‍റോ സഖ്യം 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സീഫെര്‍ട്ടിനെ പുറത്താക്കി കുല്‍ദീപ് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സീഫെര്‍ട്ടിന്റെ ഇന്നിങ്‌സ്. എന്നാല്‍ പിന്നീടെത്തിയ കെയ്ന്‍ വില്യംസണ്‍ (27) പിടിച്ചുനിന്നു. മണ്‍റോയ്‌ക്കൊപ്പം 55 റണ്‍സാണ് വില്യംസണ്‍ കൂട്ടിച്ചേര്‍ത്തത്. മണ്‍റോയേയും കുല്‍ദീപ് മടക്കിയതോടെ കിവീസ് രണ്ടിന് 135 എന്ന നിലയിലായി. 

15 റണ്‍സിനിടെ വില്യംസണും കൂടാരം കയറി. ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. 16 പന്തില്‍ 30 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 16), റോസ് ടെയ്‌ലര്‍ (ഏഴ് പന്തില്‍ 14) പുറത്താവാതെ നിന്നു. 

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. നിര്‍ണായക മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി. കിവീസ് ടീമിലും ഒരു മാറ്റമുണ്ട്. ബ്ലെയര്‍ ടിക്‌നര്‍ ഇന്ന് ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അരങ്ങേറും. ലോക്കി ഫെര്‍ഗൂസണ്‍ വിശ്രമം അനുവദിച്ചു.