സെഞ്ചൂറിയന്‍: നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ പ്രതിരോധത്തില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 286 റണ്‍സ് ലീഡ്. ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് സ്വന്തമാക്കി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 258ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി.ഡിവില്ലിയേഴ്സ്(80), ഡീന്‍ എല്‍ഗാര്‍(61) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടി.
നാലാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇന്ത്യ നേരിയ മുന്‍തൂക്കം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഞ്ച് വിക്കറ്റിന് 163 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ(48) വീരോചിത ചെറുത്തുനില്‍പാണ് മികച്ച ലീഡിലേക്കെത്തിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ജസ്‌പ്രീത് ഭൂംമ്ര മൂന്നും ഇശാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് വീഴ്ത്തി. വാലറ്റത്ത് 26 റണ്‍സ് നേടിയ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായി. എ.ബി.ഡിവില്ലിയേഴ്സ്, ഡീന്‍ എല്‍ഗാര്‍, ക്വിന്റണ്‍ ഡീ കോക്ക് എന്നിവരെ മടക്കിയ മുഹമ്മദ് ഷമിയാണ് കൂറ്റന്‍ ലീഡില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞത്.
ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി നിരവധി ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും തിരിച്ചടിയായി. അശ്വിന്റെ പന്തില്‍ ഡൂപ്ലെസി നല്‍കിയ ക്യാച്ച് കെ എല്‍ രാഹുല്‍ ലെഗ് സ്ലിപ്പില്‍ കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ 250 റണ്‍സിലേറെ സ്കോര്‍ പിന്തുടരുക ഇന്ത്യക്ക് വെല്ലുവിളിയാണ്.
