മുംബൈ: ഇന്ത്യൻ ബൗളര്‍മാരുടെ ആക്രമണത്തിൽ ശ്രീലങ്കൻ ബാറ്റിങ്നിര ആടിയുലഞ്ഞു. ടി20 പരമ്പരയിലെ അവസാന മൽസരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്‌ക്ക് 20 ഓവറിൽ ഏഴിന് 135 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 36 റണ്‍സെടുത്ത അസേല ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ശനക പുറത്താകാതെ 29 റണ്‍സും സമരവിക്രമ 21 റണ്‍സും നേടി. രണ്ടു വിക്കറ്റ് വീതമെടുത്ത ഉനദ്കത്തും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ശ്രീലങ്കൻ ബാറ്റിങ്നിരയെ തകര്‍ത്തത്. റണ്‍സ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടിയ ഉനദ്കത്തിനെ നേരിടാൻ ലങ്കക്കാര്‍ നന്നേ വിഷമിച്ചു. നാലോവറിൽ 15 റണ്‍സ് മാത്രം വഴങ്ങിയാണ് അദ്ദേഹം രണ്ടു വിക്കറ്റെടുത്തത്. അരങ്ങേറ്റക്കാരൻ വാഷിങ്ടണ്‍ സുന്ദര്‍ നാലോവറിൽ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ബേസിൽ തമ്പിയെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തിയില്ല. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം വാഷിങ്ടൺ സുന്ദര്‍ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറി. ഇതുകൂടാതെ, കഴിഞ്ഞ മൽസരങ്ങളിൽ ഇല്ലാതിരുന്ന മൊഹമ്മദ് സിറാജ് ടീമിലെത്തിയിട്ടുണ്ട്. ഇതോടെ, ഈ പരമ്പരയിൽ അവസരം കിട്ടാതെപോയ താരമായി ബേസിൽ തമ്പി മാറി. ബൂംറയ്‌ക്ക് പകരമാണ് സിറാജ് ടീമിലെത്തിയത്. ചഹലിന് പകരക്കാരനായാണ് വാഷിങ്ടണ്‍ സുന്ദര്‍ ടീമിലെത്തിയത്.

ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് വാംഖഡെയിൽ ഇറങ്ങുന്നത്. അതേസമയം ആശ്വാസജയം നേടുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം.