തിരുവനന്തപുരം: ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനു ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ആരാധക മനസില്‍ ആശങ്ക നിറച്ച് തിരുവനന്തപുരത്ത് കനത്ത മഴ. ഇന്ന് കനത്ത മഴ പെയ്തതോടെ നാളത്തെ മത്സരത്തിലും മഴ വില്ലനാവുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്താണ് അവസാനിച്ചത്. കനത്ത ഇടിയുടെ അകമ്പടിയോടെയാണ് മഴ എത്തിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുന്നത്.

നാളെ വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്ക് തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലവസ്ഥാ വെബ്സൈറ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മികച്ച ഡ്രെയിനേജ് സംവിധാനം ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. പിച്ചുകള്‍ ഇപ്പോള്‍ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്.

മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ ഇപ്പോള്‍ തന്നെ സ്റ്റേഡിയത്തിലുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. മത്സരത്തിനിടെ മഴ പെയ്താലും മഴ നിന്ന് 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കുവാനാകുമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ മത്സരത്തില്‍ ഇന്ത്യ 53 റണ്‍സിനു ജയം നേടിയപ്പോള്‍ രണ്ടാം മത്സരം 40 റണ്‍സിനു ജയിച്ച് ന്യൂസിലാണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മൂന്നാം മത്സരത്തിലെ വിജയികളാകും പരമ്പര സ്വന്തമാക്കുകയെന്നതിനാല്‍ നാളത്തെ മത്സരം നടക്കേണ്ടത് ഇരു ടീമുകളുടെയും ആവശ്യമാണ്.