ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 451 റണ്‍സ് എന്ന നിലയിലാണ്. 170 റണ്‍സോടെ വിരാട് കൊഹ്‌ലിയും 81 റണ്‍സോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 200 പന്ത് നേരിട്ട കൊഹ്‌ലി 20 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ബാറ്റിംഗ് തുടരുന്നത്. കൊഹ്‌ലിയും രഹാനെയും ചേര്‍ന്ന് വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ 217 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മുരളി വിജയ് 108 റണ്‍സും ചേതേശ്വര്‍ പൂജാര 83 റണ്‍സുമെടുത്ത് പുറത്തായി. മുരളി വിജയ്‌‌യും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 178 റണ്‍സാണ് അടിച്ചുകൂട്ടിയത്. രണ്ടു റണ്‍സെടുത്ത് പുറത്തായ കെ എല്‍ രാഹുല്‍ മാത്രമാണ് ബാറ്റിംഗില്‍ നിരാശപ്പെടുത്തിയത്.