മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ ടെസ്റ്റ് മാച്ച് ഫീ ബിസിസിഐ ഇരട്ടിയാക്കി ഉയർത്തി. ഏഴു ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കിയാണ് ഉയർത്തിയത്. പുതിയ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ പ്രചാരം നല്‍കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. റിസർവ് താരങ്ങളുടെ പ്രതിഫലത്തിലും വർധന വരുത്തി. ഏഴു ലക്ഷം രൂപയാണ് പുതുക്കിയ പ്രതിഫല തുക.

ടെസ്റ്റ് മത്സരങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടതിനാലാണ് പ്രതിഫലത്തുക ഉയർത്താൻ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂർ പറഞ്ഞു. ഇന്നത്തെ തലമുറയുടെ ഇടയിൽ ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനെ കുറിച്ച് ചർച്ച നടത്തി. 

കളിക്കാർക്ക് ടെസ്റ്റ് മത്സരങ്ങളിൽ താൽപര്യം നിലനിർത്താൻ മികച്ച പ്രതിഫലം നൽകണം. പുതിയ കളിക്കാർ ട്വന്റി–20 ക്രിക്കറ്റ് ലീഗുകളിൽ ആകൃഷ്ടരാകുന്നത് നോക്കി മാറി നിൽക്കാനാവില്ലെന്നും താക്കൂർ പറഞ്ഞു.

മുംബൈയിൽ ചേർന്ന ബിസിസിഐ പ്രത്യേക യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചില്ല.