കട്ടക്ക്: നന്നായി തുടങ്ങി, ഇടയ്‌ക്ക് ഇഴഞ്ഞ ഇന്ത്യയെ അവസാന ഓവറുകളിലെ വെടിക്കെട്ട് തുണച്ചു. ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ശ്രീലങ്കയ്ക്ക് റണ്‍സ് 181 വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നിന് 180 റണ്‍സ് എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ(48 പന്തിൽ 61) അര്‍ദ്ധസെഞ്ച്വറി നേടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എം എസ് ധോണിയും(പുറത്താകാതെ 39) മനിഷ് പാണ്ഡേയും(പുറത്താകാതെ 32) ചേര്‍ന്നാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിന് 119 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവസാന നാല് ഓവറിൽ 61 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ്മ 17 റണ്‍സും ശ്രേയസ് അയ്യര്‍ 24 റണ്‍സുമെടുത്തു. ശ്രീലങ്കയ്‌ക്കുവേണ്ടി മാത്യൂസ്, തിസര പെരേര, നുവാൻ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടി20 ക്രിക്കറ്റിൽ 1500 റണ്‍സെന്ന നേട്ടം കൈവരിച്ചാണ് രോഹിത് ക്രീസ് വിട്ടത്. കോലിയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്ത് ഈ നേട്ടത്തിലെത്തുന്ന പതിന്നാലാമത്തെ ക്രിക്കറ്ററുമാണ് രോഹിത് ശര്‍മ്മ.
ഏഴാമത്തെ ഓവറിൽ കെഎൽ രാഹുലിനെ പുറത്താക്കിയെന്ന് തോന്നിച്ചെങ്കിൽ ഡിആര്‍എസിലൂടെ എൽബിഡബ്ല്യൂ അതിജീവിക്കാൻ ഇന്ത്യ ഓപ്പണര്‍ക്കായി. തുടര്‍ന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ രാഹുൽ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. രാഹുലും അയ്യരും പുറത്തായശേഷം ഇന്ത്യൻ സ്‌കോറിങ് ഇഴഞ്ഞെങ്കിലും അവസാന ഓവറുകളിൽ ധോണിയും മനിഷ് പാണ്ഡെയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് റണ്‍ നിരക്ക് ഉയര്‍ത്തിയത്.
മലയാളി താരം ബേസിൽ തമ്പിക്ക് അന്തിമ ഇലവനിൽ ഇടംനേടാനായില്ല.
