ഗോള്‍: ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 600 റണ്‍സിന് മറുപടിയായി ലങ്ക മൂന്നാം ദിനം 291 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. 299 റണ്‍സ് ലീഡുണ്ടായിട്ടും ലങ്കയെ ഫോളോ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. 76 ക്യാപ്റ്റന്‍ വിരാട് കോലിയാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 498 റണ്‍സിന്റെ ലീഡുണ്ട്. സ്കോര്‍ ഇന്ത്യ 600, 189/3, ശ്രീലങ്ക 291.
154/5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ലങ്കക്കായി എയ്ഞ്ചലോ മാത്യൂസും(83), ദില്‍റുവാന്‍ പെരേരയും(91 നോട്ടൗട്ട്) പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ സ്കോറിന് അടുത്തെങ്ങും എത്താനായില്ല. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അമ്പതാം ടെസ്റ്റ് കളിച്ച അശ്വിന്‍ ഒറ്റ വിക്കറ്റില്‍ ഒതുങ്ങി.
ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍മാരായ ശീഖര്‍ ധവാനെയും(14), ചേതേശ്വര്‍ പൂജാരയെയും(15) തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോലി-മുകുന്ദ് സഖ്യം 133 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഈ ടെസ്റ്റില്‍ ഇനി ഇന്ത്യ തോല്‍ക്കില്ലന്ന് ഉറപ്പുവരുത്തി. 81 റണ്‍സെടുത്ത മുകുന്ദ് പുറത്തായതോടെ മൂന്നാം ദിവസത്തെ കളി അവസാനിച്ചു. നാലാം ദിനം ലീഡ് 550 കടത്തിയശേഷം ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കു.
