ഗോള്‍: ശീഖര്‍ ധവാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും പൂജാരയുടെ ക്ലാസിക് സെഞ്ചുറിയുടെയും കരുത്തില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെന്ന നിലയിലാണ്. 144 റണ്‍സുമായി പൂജാരയും 39 റണ്‍സുമായി അജിങ്ക്യാ രഹാനെയും ക്രീസില്‍.

ടോസിലെ ഭാഗ്യം കനിഞ്ഞപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പന്ത് കുത്തിത്തിരിയാന്‍ സാധ്യതയുള്ള ഗോളിലെ പിച്ചില്‍ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് കഠിനമാകാുമെന്ന് തിരിച്ചറിഞ്ഞ കോലി കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറാണ് ലക്ഷ്യമിട്ടത്. എന്നാല്‍ രാഹുലിന്റെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച അഭിനവ് മുകുന്ദിന് അവസരം മുതലെടുക്കാനായില്ല. 12 റണ്‍സെടുത്ത മുകുന്ദ് മടങ്ങിയശേഷം ധവാനും പൂജാരയും ചേര്‍ന്നായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.

വ്യക്തിഗത സ്കോര്‍ 31ല്‍ നില്‍ക്കെ അസേല ഗുണരത്നെ സ്ലിപ്പില്‍ കൈവിട്ടശേഷം തിരഞ്ഞുനോക്കാതിരുന്ന ധവാന്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് അര്‍ധ സെഞ്ചുറിയിലെത്തിയത് 62 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തിയ ധവാന്‍ 110 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറിക്ക് ശേഷം ധവാന്‍ ടോപ് ഗിയറിലായി.

സെഞ്ചുറി പിന്നിട്ടശേഷം 37 പന്തില്‍ 50 റണ്‍സ് കൂടി അടിച്ച ധവാന്‍ 147 പന്തിലാണ് 150 കടന്നത്. പിന്നീട് 20 പന്തില്‍ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഡബിള്‍ സെഞ്ചുറിയിലേക്ക് നീങ്ങിയ ധവാനെ അമിതാവേശം ചതിച്ചു. 168 പന്തില്‍ 190 റണ്‍സുമായി ധവാന്‍ മടങ്ങിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അല്‍പായുസേ ഉണ്ടായിരുന്നുള്ളു. 8 പന്തില്‍ 3 റണ്‍സെടുത്ത് കോലി വീണശേഷം രഹാനെയെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കെട്ടിപ്പടുത്ത പൂജാര കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 400ന് തൊട്ടടുത്ത് എത്തിച്ചു. 173 പന്തില്‍ സെഞ്ചുറിയിലെത്തിയ പൂജാര 244 പന്തിലാണ് 144 റണ്‍സെടുത്തത്. ലങ്കയ്ക്കായി നുവാന്‍ പ്രദീപാണ് ഇന്ത്യന്‍ നിരയില്‍ വീണ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്.