ദില്ലി: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ 536 റൺസ് പിന്തുടരുന്ന ശ്രീലങ്ക ഫോളോ ഓണ്‍ ഒഴിവാക്കി. വെളിച്ചക്കുറവു കാരണം മൂന്നാം ദിവസത്തേ കളി നേരത്തേ നിർത്തുമ്പോൾ ലങ്ക ഒന്‍പത് വിക്കറ്റിന് 356 റൺസ് എന്ന നിലയിലാണ്. 111 റൺസെടുത്ത ഏഞ്ചലോ മാത്യൂസിന്‍റെയും ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലിന്‍റെയും സെഞ്ച്വറികളാണ് ലങ്കയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്.

ഏഞ്ചലോ മാത്യൂസ്- ദിനേശ് ചണ്ഡിമല്‍ സഖ്യം നാലാം വിക്കറ്റില്‍ 181 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യക്ക് ഇപ്പോഴും 180 റൺസ് ലീഡുണ്ട്. 147 റൺസുമായി ചണ്ഡിമലും റണ്ണൊന്നുമെടുക്കാതെ ലക്ഷന്‍ സന്‍ഡകന്‍യുമാണ് ക്രീസില്‍. ഇന്ത്യക്കായി അശ്വിൻ മൂന്നും ഷമിയും ഇശാന്തും ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തി. 

ദില്‍രുവാന്‍ പെരേര 42 റണ്‍സും സന്ദീര സമരവിക്രമ 33 റണ്‍സുമെടുത്തും പുറത്തായി. ലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ വീതം അക്കൗണ്ട് തുറക്കാതെയും രണ്ടക്കം കാണാതെയും കളംവിട്ടു. ഒരു വിക്കറ്റ് മാത്രം അവശേഷിക്കേ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡുറപ്പാണ്.