കൊൽക്കത്ത: ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ അത്‌ലറ്റിക്കോ ഡി കോൽക്കത്ത അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടു സമനിലയുമായി തടിതപ്പി. അഞ്ചാം മിനിറ്റിൽ അർജന്റൈൻ താരം നിക്കോളാസ് വെലസിലൂടെ നോർത്ത് ഈസ്റ്റാണ് കളിയിൽ മുന്നിലെത്തിയത്. ഡിഫൻഡർ സെറിനൊ, അർനബിന് മൈനസ് പാസ് നൽകാൻ ശ്രമിച്ചപ്പോൾ വന്ന പിഴവിൽനിന്ന് പന്ത് കൈക്കലാക്കി വെലസ് വല ചലിപ്പിക്കുകയായിരുന്നു.

തിരിച്ചടിക്കാൻ കൊൽക്കത്ത പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യത്തിലെത്താനായില്ല. രണ്ടാം പകുതിയിൽ കൊൽക്കത്ത ആക്രമണത്തിനു മൂർച്ച കൂട്ടിയെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു. ഒടുവിൽ അവസാനസമയത്തെ നോർത്ത് ഈസ്റ്റിന്റെ അലസത മുതലെടുത്ത് കൊൽക്കത്ത ലക്ഷ്യം കണ്ടു. ജാവി ലാറയുടെ ഫ്രീകിക്ക് പോസ്റ്റിഗ പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. പുറത്തേക്കുപോയ പന്തിനെ വലംകാലടിയിലൂടെ ഇയാൻ ഹ്യൂം വലയിലെത്തിക്കുകയായിരുന്നു.

ഡൽഹി ഡൈനമോസ് നേതൃത്വം നൽകുന്ന പട്ടികയിൽ 13 പോയിന്റുമായി നാലാം സ്‌ഥാനത്താണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത. 10 പോയിന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തു തുടരുന്നു.