ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ ജയിംസ് ആൻഡേഴ്സനെ ഒഴിവാക്കി ഇന്ത്യൻ പര്യടനത്തിനുളള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കാണ് ആന്‍ഡേഴ്സന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. അലിസ്റ്റര്‍ കുക്ക് ക്യാപ്റ്റനായി തുടരും. സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ്, സ്റ്റീവന്‍ ഫിൻ എന്നിവരാണ് ടീമിലെ പേസർമാർ. ആദ്യ രണ്ട് ടെസ്റ്റില്‍ എന്തായാലും ആന്‍ഡേഴ്സന് കളിക്കാനാകില്ലെന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്ക് ഭേദമാവുകയാണെങ്കില്‍ പിന്നീട് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ അലക്സ് ഹെയ്‌ല്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ബംഗ്ലാദേശ് പര്യടനം പൂർത്തിയാക്കിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുക. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം നവംബർ ഒമ്പതിന് രാജ്കോട്ടിൽ നടക്കും. വിശാഖപട്ടണം, മൊഹലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകൾ. അതേസമയം, ബംഗ്ലാദേശിനെതിരെ കളിച്ചതുപോലെയാണ് ഇന്ത്യക്കെതിരെ കളിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിന് സമ്പൂര്‍ണ തോൽവി നേരിടേണ്ടി വരുമെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കഷ്ടിച്ച് ജയിച്ച പ്രകടനം മതിയാകില്ല ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്. മുന്‍ നിര ബാറ്റ്സ്മാന്മാരുടെ പ്രകടനം മെച്ചപ്പെടുത്താതെ ഇംഗ്ലണ്ട് രകഷപ്പെടില്ലെന്നും വോന്‍ തുറന്നടിച്ചു. ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ 22 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്.
