രാവിലെ 9.30 മുതല്‍ മത്സരം ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ നായകന്‍

ബംഗളൂരു : ലോകം കാല്‍ക്കീഴിലാകാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ തിരിച്ചടികള്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ അഫ്ഗാന്‍ ടീം ഇന്ന് ഇന്ത്യയില്‍ ചരിത്രം കുറിക്കും. തങ്ങളുടെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ പോയ കാലത്തിന്‍റെ ദുരന്ത സ്മരണകളെ കായിക ലോകത്തിലെ മുന്നേറ്റങ്ങള്‍ കൊണ്ട് മായ്ച്ചു കളയാമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ അഫ്ഗാന്‍ താരങ്ങളും. വിരാട് കോഹ്‍ലിക്ക് പകരം അജിന്‍ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. അടുത്ത് വരുന്ന വിദേശ പര്യടനങ്ങള്‍ക്കായുള്ള ഒരുക്കമായാണ് ഇന്ത്യ മത്സരത്തെ കാണുന്നത്. എന്നാല്‍, ശൗര്യമേറെയുള്ള ബംഗ്ല കടുവകളെ വലിച്ചു കീറി ചില കളികള്‍ കാണാനിരിക്കുന്നതെയുള്ളുവെന്നുള്ള മുന്നറിയിപ്പാണ് അഫ്ഗാനിസ്ഥാന്‍ നല്‍കിയത്. 

പ്രതിഭ വേണ്ടുവോളം

തങ്ങളുടെ ആദ്യ ടെസ്റ്റിനാണ് അഫ്ഗാന്‍ ഒരുങ്ങുന്നതെങ്കിലും ഒരുപാട് മികച്ച താരങ്ങള്‍ അവരുടെ ടീമുലുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ റാഷിദ് ഖാന്‍ ഇന്ത്യക്കാരുടെയും മനം കവര്‍ന്നിരുന്നു, വെറും നാല് ഓവറില്‍ അത്രമാത്രം ആഘാതമാണ് റാഷിദ് ഏല്‍പ്പിച്ചിരുന്നത്. പക്ഷേ, വലിയ വേദിയില്‍ കൂടുതല്‍ ഓവറുകള്‍ ഏറിയേണ്ടി വരുമ്പോള്‍ അത് താരത്തെ എങ്ങനെ ബാധിക്കുമെന്നുള്ളത് ബംഗളൂരു ടെസ്റ്റ് തെളിയിക്കും. റാഷിദിനെ കൂടാതെ, അസ്ഗര്‍ സ്റ്റാനിക്സായ്, മുഹമ്മദ് ഷെഹ്സാദ് എന്നിവരൊക്കെയാണ് അഫ്ഗാന്‍റെ വന്‍ തോക്കുകള്‍.

കരുത്തോടെ ഇന്ത്യ

വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ളവര്‍ ഇല്ലെങ്കിലും അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് ഇന്ത്യ ഒട്ടം വില കുറച്ചല്ല കാണുന്നത്. കോഹ്‍ലി, ബുംറ,ഭുവനേശ്വര്‍ കുമാര്‍ എന്നിവരൊഴികെ പ്രമുഖ താരങ്ങളെല്ലാം ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്കായി പാഡണിയും. ഐപിഎല്ലിന് ശേഷമുള്ള തിരിച്ചു വരവില്‍ രവിചന്ദ്ര അശ്വിന്‍-രവീന്ദ്ര ജഡേജ സ്പിന്‍ ദ്വയത്തിന്‍റെ പ്രകടനം ബിസിസിഐ നിരീക്ഷിക്കുമെന്ന കാര്യം ഉറപ്പ്. ഇവര്‍ക്കൊപ്പം ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും കൂടെ ചേരുമ്പോള്‍ മികച്ച ബൗളിംഗ് നിരയാണ് ടീമിന് ലഭിക്കുന്നത്. നായകന്‍ രഹാനെ മുതല്‍ ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര,കെ.എല്‍. രാഹുല്‍ തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ബാറ്റിംഗ് നിരയും പ്രഹരശേഷിയുടെ കാര്യത്തില്‍ മുന്നിലാണ്. രാവിലെ 9.30 മുതല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. സ്റ്റാര്‍ ചാനലുകളില്‍ തത്സമയം കാണാം.