മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലിയുടെ അഭിപ്രായത്തില്‍ കോലിയുടെ പെരുമാറ്റത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ബഹുമാനത്തോടെ കളിക്കാന്‍ കോലി പഠിച്ചതായി ഹീലി പറയുന്നു...
ബ്രിസ്ബേന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മൈതാനത്തിനകത്തെയും പുറത്തെയും പെരുമാറ്റവും അതിരുകടന്ന ആവേശവും പലകുറി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു ആരാധകന് നല്‍കിയ മറുപടി കോലിയെ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി പറയുന്നത് കോലിയുടെ പെരുമാറ്റത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട് എന്നാണ്.
ബഹുമാനത്തോടെ കളിക്കാന്‍ കോലി പഠിച്ചതായി ഹീലി പറയുന്നു. കോലിയുടെ കളി ശൈലിയെ ഇഷ്ടപ്പെടുന്നതായും ഹീലി പറഞ്ഞു. ഇന്ത്യ- ഓസീസ് പരമ്പരയ്ക്കിടെ 2017ല്‍ കോലി നടത്തിയ ഒരു പ്രസ്‌താനക്കെതിരെ ആഞ്ഞടിച്ച് ഹീലി മുന്‍പ് രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങളുമായി ഒരുതരത്തിലുമുള്ള സൗഹൃദത്തിനും താനില്ല എന്നായിരുന്നു അന്ന് കോലിയുടെ പ്രഖ്യാപനം.
എന്നാല്‍ ഈ പ്രസ്‌തവനയ്ക്ക് ശേഷം കോലിയുടെ പെരുമാറ്റം വളരെയധികം മെച്ചപ്പെട്ടതായാണ് ഹിലി പറയുന്നത്. കോലി എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാനാണെന്നും കോലിയുടെ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും മുന്‍ താരം വ്യക്തമാക്കി.
