പൂന: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ തിരിച്ചുവരവിനെ നേരിടാന്‍ ഓസ്‍ട്രേലിയന്‍ ടീം ജാഗരൂകരാണെന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊഹ്‌ലി മികച്ച കളിക്കാരനാണെന്നും ഏതു സമയവും ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹത്തിനു പ്രാപ്തിയുണ്ടെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

കൊഹ്‌ലി ക്ലാസ് കളിക്കാരനാണ്. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.കൂടുതല്‍ കരുത്തോടെ വലിയ സ്കോറുമായി അദ്ദേഹം തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കറിയാം. പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും കൊഹ്‌ലി കുറഞ്ഞ സ്കോറില്‍ പുറത്തായി.പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും വിരാടിന്റെ വിക്കറ്റ് നിര്‍ണായകമാണ്. ഇനി ആറ് ഇന്നിംഗ്സുകളില്‍ കൂടി കൊഹ്‌ലിയെ കുറഞ്ഞ സ്കോറില്‍ പുറത്താക്കണം. എങ്കിലേ പരമ്പര നേടാനാവു. പൂജാരയുടെ വിക്കറ്റിനേക്കാള്‍ ഇപ്പോള്‍ താന്‍ വിലമതിക്കുന്നത് കൊഹ്‌ലിയുടെ വിക്കറ്റിനാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കൊഹ്‌ലി ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ഇന്നിംഗ്സില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായ നായകന് രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടെസ്റ്റില്‍ ഇന്ത്യ 333 റണ്‍സിന് പരായപ്പെട്ടിരുന്നു. മാര്‍ച്ച് നാലിന് ബംഗളുരുവിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.