Asianet News MalayalamAsianet News Malayalam

ഭംഗിയായി ഫിനിഷ് ചെയ്യാന്‍ പയ്യന്‍സിനറിയാം; ഇന്ത്യന്‍ മധ്യനിരയ്ക്ക് ബംഗാറിന്‍റെ പിന്തുണ

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ മധ്യനിരയ്ക്ക് സഹ പരിശീലകന്‍ സഞ്ജയ് ബംഗാറിന്‍റെ പിന്തുണ. ഹാമില്‍ട്ടണില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായിരുന്നു.
 

India vs New Zealand 2019 Sanjay Bangar Backs Indian Middle Order
Author
Hamilton, First Published Feb 2, 2019, 5:08 PM IST

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ മധ്യനിരയ്ക്ക് സഹ പരിശീലകന്‍ സഞ്ജയ് ബംഗാറിന്‍റെ പിന്തുണ. ഹാമില്‍ട്ടണില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ വെറും 92 റണ്‍സിന് പുറത്തായിരുന്നു. റണ്‍ മെഷീന്‍ നായകന്‍ വിരാട് കോലിയും മികച്ച ഫോമിലുള്ള എം എസ് ധോണിയും കളിക്കാതിരുന്ന മത്സരത്തിലായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. കോലിക്ക് മൂന്നാം ഏകദിനത്തിന് ശേഷം വിശ്രമം അനുവദിച്ചപ്പോള്‍ ധോണി പരുക്ക് മൂലമാണ് കളിക്കാതിരുന്നത്. 

മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തില്ല. 2015 ലോകകപ്പിന് ശേഷം ഇന്ത്യന്‍ മുന്‍നിര(ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി) വളരെയധികം റണ്‍സ് അടിച്ചുകൂട്ടുന്നുണ്ട്.  അതിനാല്‍ മധ്യനിരയ്ക്ക്  ബാറ്റ് ചെയ്യാന്‍ അധിക ഓവറുകള്‍ ലഭിക്കാറില്ല. ഇത് സ്ഥിരതയെ ബാധിക്കുന്നു. മുന്‍നിര 100 റണ്‍സ് കണ്ടെത്താതെ പോയ മത്സരത്തില്‍ മധ്യനിരയ്ക്ക് വളരെയധികം ഓവറുകള്‍ ലഭിച്ചു. പക്ഷേ, മുതലാക്കാനായില്ല. എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അത് മധ്യനിര നന്നായി ചെയ്യാറുണ്ടെന്നും ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വ്യക്തമാക്കി.   

ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ന്യൂസീലന്‍ഡ് നേടിയത്. കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ബോള്‍ട്ടും മൂന്ന് പേരെ പുറത്താക്കിയ ഗ്രാന്‍ഡ്‌ഹോമും ആണ് ഇന്ത്യയെ 92ല്‍ എറിഞ്ഞിട്ടത്. 18 റണ്‍സെടുത്ത യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍(13), രോഹിത് ശര്‍മ്മ(7), അമ്പാട്ടി റായുഡു(0), ദിനേശ് കാര്‍ത്തിക്(0), ഗില്‍(9), കേദാര്‍ ജാദവ്(1), ഭുവനേശ്വര്‍ കുമാര്‍(1) ഹര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് (15) , ഖലീല്‍ അഹമ്മദ്(5) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

Follow Us:
Download App:
  • android
  • ios