Asianet News MalayalamAsianet News Malayalam

അത് കാര്‍ത്തിക്കിന്റെ പിഴവുതന്നെ; തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്

ഫിനിഷറുടെ ജോലിയാണ് കാര്‍ത്തിക്കിന് ടീമില്‍ ചെയ്യാനുള്ളത്. നിദാഹാസ് ട്രോഫിയില്‍ അദ്ദേഹം അത് ഭംഗിയായി ചെയ്തു. എന്നാല്‍ അവിടെ പന്തെറിഞ്ഞത് സൗമ്യ സര്‍ക്കാരും ഇവിടെ സൗത്തിയുമാണെന്ന വ്യത്യാസമുണ്ട്.

India vs New Zealand Dinesh Karthik denies Krunal Pandya single in final over Harbhajan Singh
Author
Hamilton, First Published Feb 10, 2019, 11:16 PM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തിന്റെ അവസാന ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ച കാര്‍ത്തിക്കിന്റേത് പിഴവു തന്നെയെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. അവസാന ഓവറില്‍ കാര്‍ത്തിക്ക് സിംഗിളെടുത്തിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യ ജയിക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. കാര്‍ത്തിക്കിന് നല്‍കാനൊരു ഉപദേശമുണ്ട്. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നത് നല്ലതാണ്. അതുപോലെ അപ്പുറത്ത് നില്‍ക്കുന്നയാളെയും വിശ്വാസത്തിലെടുക്കണം.

പ്രത്യേകിച്ചും ക്രുനാല്‍ പാണ്ഡ്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍. ഫിനിഷറുടെ ജോലിയാണ് കാര്‍ത്തിക്കിന് ടീമില്‍ ചെയ്യാനുള്ളത്. നിദാഹാസ് ട്രോഫിയില്‍ അദ്ദേഹം അത് ഭംഗിയായി ചെയ്തു. എന്നാല്‍ അവിടെ പന്തെറിഞ്ഞത് സൗമ്യ സര്‍ക്കാരും ഇവിടെ സൗത്തിയുമാണെന്ന വ്യത്യാസമുണ്ട്. അവനവന്റെ കഴിവിലുള്ള ആത്മവിശ്വാസം പോലെ മറ്റുള്ളവരുടെ കഴിവിനെയും വിശ്വാസത്തിലെടുക്കണം. സൗത്തിയുടെ മുന്‍ ഓവറില്‍ ക്രുനാല്‍ 18-19 റണ്‍സടിച്ചിരുന്നു. അതുകൊണ്ട് കാര്‍ത്തിക്കിന്റെ ആ ഒരു പിഴവില്ലായിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യയുടെ കൈയിലിരുന്നേനെ.

എന്നാല്‍ മൂന്ന് മാസം നീണ്ട ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒരുപാട് നല്ല പാഠങ്ങള്‍ ലഭിച്ചുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഏതാണ്ട് ഉറപ്പിക്കാന്‍ ഇന്ത്യക്കായി. ഈ കളിക്കാര്‍ക്ക് ഐപിഎല്ലില്‍  വിശ്രമം അനുവദിച്ചാല്‍ മതിയാവും. ക്രുനാല്‍ പാണ്ഡ്യയെപ്പോലെ മികച്ച കളിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു. ഇപ്പോഴത്തേത് പരീക്ഷണ ടീമായിരുന്നു. ബൂമ്രയും കുല്‍ദീപും ചാഹലും എല്ലാം ചേരുമ്പോള്‍ എതിരാളികള്‍ക്ക് 200 ന് മുകളിലെല്ലാം സ്കോര്‍ ചെയ്യുക എന്നത് ദുഷ്കരമാവും. ഇവര്‍ മൂന്നുപേരും ഒരുമിച്ച് കളിക്കാത്ത മത്സരത്തിലാണ് ന്യൂസിലന്‍ഡ് 200ന് മുകളില്‍ സ്കോര്‍ ചെയ്തതെന്ന് മറക്കരുത്. പരമ്പരയില്‍ ഇന്ത്യ പൊരുതി തന്നെയാണ് തോറ്റതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios