ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കാൻ കോലിപ്പടയ്‌ക്ക് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. ഈ ഘട്ടത്തിൽ ഇന്ത്യയുടെ കഴിഞ്ഞകാല ദക്ഷിണാഫ്രിക്കൻ പര്യടനങ്ങളെക്കുറിച്ച് ഒന്ന് നോക്കാം. ഇതുവരെ ആറു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുള്ളത്. ഇതിൽ ഒന്നുപോലും ഇന്ത്യയ്‌ക്ക് ജയിക്കാനായില്ല. ആറിൽ അഞ്ച് പരമ്പരകളും ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ഒരെണ്ണം സമനിലയിൽ കലാശിച്ചു.

1992-93

ദീര്‍ഘകാലത്തെ വിലക്കിനുശേഷം ക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക മടങ്ങിയെത്തിയ കാലം. നാലു ടെസ്റ്റുകളാണ് പരമ്പരയിൽ ഉണ്ടായിരുന്നത്. ദക്ഷിണാഫ്രിക്ക 1-0ന് ജയിച്ചു. മൂന്നു മൽസരങ്ങള്‍ സമനിലയോ ഫലമില്ലാതെയോ കലാശിച്ചു.

1996-97

മൂന്നു മൽസരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് ജയിച്ചു. ഒരു മൽസരം സമനിലയിൽ കലാശിച്ചു.

2001-02

രണ്ടു മൽസരങ്ങളുടെ പരമ്പര 1-0ന് ദക്ഷിണാഫ്രിക്ക ജയിച്ചു.

2006-07

മൂന്നൂ ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക ജയിച്ചു. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മൽസരം ജയിക്കാനായി എന്നതാണ് ഇന്ത്യയ്‌ക്ക് ലഭിച്ച ഏക ആശ്വാസം. ദ്രാവിഡ്-ചാപ്പൽ സഖ്യം ഇന്ത്യയെ നയിച്ച പരമ്പര. ചാപ്പലുമായി തെറ്റിയ ഗാംഗുലി

2010-11

മൂന്നു മൽസരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ദക്ഷിണാഫ്രിക്കൻ പര്യടനമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയിലെ ചരിത്രത്തിലെ രണ്ടാം ജയവും ഇന്ത്യ ഈ പരമ്പരയിൽ സ്വന്തമാക്കി.

2013-14

രണ്ടു മൽസരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 17 ടെസ്റ്റ് മൽസരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യയ്‌ക്ക് രണ്ടു കളികള്‍ മാത്രമാണ് ജയിക്കാനായത്. എട്ടെണ്ണത്തിൽ തോൽവി വഴങ്ങിയപ്പോള്‍ ഏഴെണ്ണം സമനിലയിലായി. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതുവരെ 33 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. ഇതിൽ 13 എണ്ണം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് പത്തെണ്ണത്തിലാണ്. 13 ടെസ്റ്റുകള്‍ സമനിലയിലായി.

ഒരു വാംഅപ്പ് മൽസരം പോലുമില്ലാതെയാണ് ഇന്ത്യ ഇത്തവണ ദക്ഷിണാഫ്രിക്കയിൽ ഇറങ്ങുന്നത്. ഉപഭൂഖണ്ഡത്തിന് പുറത്ത് കോലിയുടെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ മുഴുനീള ടെസ്റ്റ് പമര്പര കൂടിയാണിത്. സ്റ്റെയ്നും ഡിവില്ലിയേഴ്‌സും മടങ്ങിയെത്തുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഏറെ ആത്മവിശ്വാസത്തിലാണ്. എന്നാൽ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടുമായി എത്തുന്ന കോലിപ്പടയ്‌ക്ക് ദക്ഷിണാഫ്രിക്കയിൽ ചിലത് തെളിയിക്കാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.