പല്ലേക്കേല: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്ക ഇന്നിംഗ്സ് തോല്‍വിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗസ് സ്കോറായ 487 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് ഓള്‍ ഔട്ടായ ലങ്ക ഫോളോ ഓണ്‍ വഴങ്ങി. 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ലങ്കയ്ക്ക് തുടക്കത്തിലെ ഉപുല്‍ തരംഗയുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് ലങ്ക. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും വേണ്ടത് 333 റണ്‍സ്. 12 റണ്‍സുമായി കരുണരത്നെയും റണ്‍സൊന്നുമെടുക്കാതെ പുഷ്കുമാരയും ക്രീസില്‍. സ്കോര്‍ ഇന്ത്യ 487, ശ്രീലങ്ക 135, 19/1.

നേരത്തെ 329/6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ വൃദ്ധിമാന്‍ സാഹയെ(16) നഷ്ടമായെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് ഹര്‍ദ്ദീക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ 450 കടത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ 86 പന്തില്‍ കന്നി ടെസ്റ്റ് സെഞ്ചുറിയിലെത്തി. 26 റണ്‍സെടുത്ത കുല്‍ദീപ് യാദവ് പാണ്ഡ്യക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ പ്രതീക്ഷിച്ചതിനപ്പുറം സ്കോര്‍ എത്തി. 96 പന്തില്‍ 108 റണ്‍സെടുത്ത് അവസാന ബാറ്റ്സ്മാനായാണ് പാണ്ഡ്യ പുറത്തായത്.ലങ്കക്കായി സന്ദകന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ പുഷ്പകുമര മൂന്ന് വിക്കറ്റെടുത്തു.

ഇന്ത്യക്ക് മറുപടി പറയാനിറങ്ങിയ ലങ്കയ്ത്ത് തുടക്കം മുതലെ പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ഷാമി തരംഗയെ(5) വീഴ്ത്തി. കരുണരത്നയെ(4) സാഹയുടെ കൈകളിലെത്തിച്ച ഷാമി ലങ്കയ്ക്ക് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് പിന്നീട് അവര്‍ക്ക് കരകയറാനായില്ല. മെന്‍ഡിസ്(18) റണ്ണൗട്ടായപ്പോള്‍ എയ്ഞ്ചലോ മാത്യൂസിനെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി പാണ്ഡ്യ ബൗളിംഗിലും തിളങ്ങി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലിനെയും(48) ഡിക്‌വെല്ലയെയും(29) വീഴ്‌ത്തി കുല്‍ദീപ് യാദവ് ലങ്കയുടെ നടുവൊടിക്കുകയും ചെയ്തു. ഇന്ത്യക്കായി കുല്‍ദീപ് നാലു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അശ്വിനും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.