കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ശനിയാഴ്ച പല്ലേക്കേലയില്‍ തുടക്കമാവുമ്പോള്‍ മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാനാവത്ത ചരിത്ര നേട്ടത്തിനരികെ ആണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയ കോലിപ്പട അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തവാരാനുറച്ചാണ് ഇറങ്ങുന്നത്.
അവസാന ടെസ്റ്റും ജയിച്ച് ലങ്കയെ തൂത്തുവാരിയാല്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടം കോലിക്ക് സ്വന്തമാവും. മറ്റൊരു ഇന്ത്യന്‍ നായകനും ലങ്കയില്‍ തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകള്‍ ജയിക്കാനായിട്ടില്ലെന്നത് കോലിയുടെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. 2000നുശേഷം ഓസ്ട്രേലിയ മാത്രമാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ തൂത്തുവാരിയിട്ടുള്ളത്. 2003-2004ല്‍ ആയിരുന്നു ഇത്. അവസാന ടെസ്റ്റും ജയിച്ചാല്‍ ഓസീസിനുശേഷം ലങ്കയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാവാന്‍ ഇന്ത്യക്ക് കഴിയും. ഇതിനുപുറമെ 1932ല്‍ ടെസ്റ്റ് പദവി ലഭിച്ചശേഷം വിദേശ പരമ്പരകളില്‍ ആദ്യമായി പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന അപൂര്‍വ റെക്കോര്‍ഡും കോലിക്ക് സ്വന്തമാവും.
എന്നാല്‍ അത് ഇന്ത്യക്കത്ര എളുപ്പമാവില്ലെന്നാണ് സൂചന. പല്ലേക്കേലയിലെ പിച്ചും ഗ്രൗണ്ടും ഇന്ത്യക്ക് അത്ര പരിചിതമല്ല. ഇതാദ്യമായാണ് ഇന്ത്യ പല്ലേക്കലയില്‍ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. പല്ലേക്കേലയില്‍ സന്ദര്‍ശക ടീം ഒരേ ഒരു തവണ മാത്രമെ ലങ്കയെ കീഴടക്കിയിട്ടുള്ളു. 2015ല്‍ പാക്കിസ്ഥാന്‍ ടീമാണ് ആ ചരിത്രനേട്ടം സ്വന്തമാക്കിയത്. എന്നാല്‍ പല്ലേക്കലയിലെ കണക്കുകള്‍ ലങ്കയ്ക്കും അത്ര അനുകൂലമല്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ലങ്ക ഒരു കളി ജയിച്ചപ്പോള്‍ ഒരെണ്ണം തോറ്റു. മൂന്നെണ്ണം സമനിലയായി. ഇതിന് പുറമെ രങ്കണ ഹെറാത്ത് പരിക്കുമൂലം കളിക്കില്ലെന്നതും ലങ്കയ്ക്ക് വലിയ തിരിച്ചടിയാണ്.
