നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ക്ലാസിക് പ്രകടനവുമായി നായകന്‍ വിരാട് കോലി ഇരട്ട സെഞ്ച്വറി നേടി. 267 പന്തില്‍ നിന്ന് 213 റണ്‍സാണ് കോലി ചേര്‍ത്തത്. ഒന്നാം ടെസ്റ്റിലും കോലി സെഞ്ച്വറി നേടിയിരുന്നു.
ഈ വര്‍ഷം കോലി നേടുന്ന പത്താമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകന്‍ എന്ന നേട്ടവും കോലി സ്വന്തമാക്കി. ഒമ്പത് സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിങ്ങിനെയാണ് കോലി പിന്തള്ളിയത്.
മൂന്നാം ദിനം മൂന്നാം സംഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ആറിന് 593 എന്ന നിലയിലാണ്. 88 റണ്‍സുമായി രോഹിത് ശര്‍മയും നാല്‍ റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസില്‍. ശ്രീലങ്കയെ ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 391 റണ്‍സിന്റെ ലീഡുണ്ട്. രണ്ടിന് 312 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്നത്. രണ്ടാം വിക്കറ്റില്‍ പൂജാര-മുരളി വിജയ് സഖ്യം 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ലങ്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുലര്‍ത്തിയത്. മല്‍സരത്തിന്റെ ഒരുഘട്ടത്തില്‍പ്പോലും ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഹെറാത്തിന്റെ പന്തില്‍ പുറത്താകുമ്പോള്‍ മുരളി വിജയ് 221 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 128 റണ്‍സെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം സെഞ്ച്വറിയാണ് മുരളി വിജയ് സ്വന്തമാക്കിയത്.
മുരളിക്ക് പകരക്കാരനായി എത്തിയ ഇന്ത്യ നായകന്‍ വിരാട് കോലി, പൂജാരയ്ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ചു. ഇതിനിടയില്‍ ടെസ്റ്റിലെ പതിന്നാലാം സെഞ്ച്വറി തികച്ച പൂജാര 362 പന്തില്‍നിന്നാണ് 143 റണ്‍സ് നേടിയത്. ഇതില്‍ 14 ബൗണ്ടറികളും ഉള്‍പ്പെടുന്നു.
ലങ്കയ്ക്ക് വേണ്ടി ദില്‍റുവാന്‍ പെരേര മൂന്നും ലഹിരു ഗാമേജ്, രംഗാന ഹെറാത്ത്, ദസുന്‍ ശനാക്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ന് അതിവേഗം ലീഡ് ഉയര്‍ത്തി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് നാളെ ലങ്കയെ ബാറ്റിങ്ങിന് അയക്കാനാകും ഇന്ത്യ ശ്രമിക്കുക. കൊല്‍ക്കത്തയില്‍ ഏറിയപങ്കും മഴ അപഹരിച്ച ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
