പല്ലേക്കെല: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. 58 റണ്‍സെടുത്ത സിരിവര്‍ധനെ ആണ് ലങ്കയുടെ ടോപ് സ്കോറര്‍.

ആദ്യ മത്സരത്തിലേതിന് സമാനമായി മികച്ച തുടക്കത്തിനുശേഷമാണ് ലങ്ക തകര്‍ന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ ഡിക്‌വെല്ല(31)-ഗുണതിലക സഖ്യം(19) 41 റണ്‍സടിച്ചു.ഡിക്‌വെല്ലയെ വീഴ്‌ത്തി ബൂമ്രയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ ഗുണതിലകയെ ചാഹല്‍ മടക്കി. കുശാല്‍ മെന്‍ഡിസ്(19), ക്യാപ്റ്റന്‍ ഉപുല്‍ തരംഗ(9), എയ്ഞ്ചലോ മാത്യൂസ്(20) എന്നിവരും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയതോടെ ലങ്ക 121/5 എന്ന നിലയില്‍ തകര്‍ന്നു.

എന്നാല്‍ ആറാം വിക്കറ്റില്‍ സിരിവര്‍ധനെയും കപുഗേദരയും(40) ചേര്‍ന്ന് 91 റണ്‍സടിച്ച് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരെയും മടക്കി ബൂമ്രയാണ് ലങ്കയെ 250 കടക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഇന്ത്യക്കായി ബൂമ്ര നാലു വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ രണ്ടും അക്ഷര്‍ പട്ടേല്‍, ഹര്‍ദ്ദീക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.