പല്ലേക്കേല: അഖില ധനഞ്ജയയുടെ മാന്ത്രിക സ്പിന്നിന് മുന്നില്‍ മുട്ടിടിച്ച ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച. മഴമൂലം വിജയലക്ഷ്യം 47 ഓവറില്‍ 231 റണ്‍സായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും 12 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ പതറുകയാണ്. രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 15.3 ഓവറില്‍ 109 റണ്‍സടിച്ചു.
എന്നാല്‍ 45 പന്തില്‍ 54 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വിക്കറ്റ് വേട്ട തുടങ്ങിയ ധനഞ്ജയ കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കി. ഹര്‍ദ്ദീക് പാണ്ഡ്യയെയും വീഴ്ത്തി ധനഞ്ജയ അഞ്ച് വിക്കറ്റ് തികച്ചു. 49 റണ്‍സെടുത്ത ശീഖര്‍ ധവാനെ സിരിവര്‍ധനെയും വീഴ്‌ത്തിയതോടെ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായി. ധനഞ്ജയ എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. രാഹുലും കോലിയും ജാദവും സമാനമായ രീതിയില്‍ ബൗള്‍ഡാവുകയായിരുന്നു.
നാലോവറില്‍ 24 റണ്‍സ് വഴങ്ങിയ ധനഞ്ജയ അഞ്ച് വിക്കറ്റെടുത്തത്. ധോണിയും അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍.
