കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 218 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. 80 റണ്‍സടുത്ത തിരിമന്നെയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയാണ് ലങ്കയുടെ നടുവൊടിച്ചത്.
തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന തിരിച്ചറിവില്‍ കരുതലോടെയാണ് ലങ്ക കളിതുടങ്ങിയത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ഡിക്‌വെല്ല(13) ഡ്രസ്സിംഗ് റൂമില്‍ തരിച്ചെത്തി. ബൂമ്ര തന്നെയാണ് ലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബൂമ്രയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ(1) രോഹിത് ശര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതോടെ ലങ്ക മെല്ലെപ്പോക്കിലായി. ടീമിലേക്ക് തിരിച്ചെത്തിയ ചണ്ഡിമലും തിരിമന്നെയും ചേര്‍ന്ന് ലങ്കയെ 100ലെത്തിച്ചെങ്കിലും ചണ്ഡിമലിനെ(36) വീഴ്‌ത്തി ഹര്‍ദ്ദീക് പാണ്ഡ്യ ആ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ലങ്കയെ 200 കടത്തിയത് 105 പന്തില്‍ 80 റണ്‍സെടുത്ത തിരിമന്നെയുടെ ഇന്നിംഗ്സായിരുന്നു. വാലറ്റത്ത് സിരിവര്‍ധനെ(27 പന്തില്‍ 29)യുടെ മികവ് ലങ്കയെ 216ല്‍ എത്തിച്ചു. ഇന്ത്യക്കായി ബൂമ്ര 27 റണ്‍സ് വഴങ്ങി അഞ‌്ച് വിക്കറ്റെടുത്തപ്പോള്‍ പാണ്ഡ്യയും പട്ടേലും ജാദവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
