പല്ലേക്കല്ലെ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ(ഓഗസ്റ്റ് 24) നടക്കും. പല്ലേക്കല്ലെയിലാണ് മത്സരം. ആദ്യ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളാണുള്ളത്. ബൗളര്‍മാരും ബാറ്റ്‌സ്‌മാന്‍മാരും ഒരുപോലെ ഫോമിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ശ്രീലങ്കയ്‌ക്ക് പഠിച്ച പണി പതിനെട്ടും പയറ്റേണ്ടിവരും. ആദ്യ മല്‍സരത്തില്‍ അക്ഷര്‍ പട്ടേല്‍ നേതൃത്വം നല്‍കിയ സ്‌പിന്‍ ബൗളിംഗാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ലങ്കന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ഇന്ത്യന്‍ സ്‌പിന്നിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിങില്‍ ശിഖര്‍ ധവാനും, വിരാട് കോലിയും മിന്നിത്തിളങ്ങിയപ്പോള്‍, ഇന്ത്യയ്‌ക്ക് ലക്ഷ്യം അനായാസമായി. ടെസ്റ്റ് പരമ്പരയിലെ മികവ് തുടരുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പരിചയസമ്പത്ത് കുറവുള്ള ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പൊതുവെ ബാറ്റ്‌സ്‌മാന്‍മാരെയും സ്‌പിന്നര്‍മാരെയും തുണയ്‌ക്കുന്ന പിച്ചാണ് പല്ലേക്കല്ലെയില്‍ തയ്യാറാക്കിയതെന്നാണ് സൂചന.