ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 323 റണ്‍സിന്റെ വിജയലക്ഷ്യം. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു.

ഗുവാഹത്തി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 323 റണ്‍സിന്റെ വിജയലക്ഷ്യം. തകര്‍പ്പന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു.

കീറോണ്‍ പവലിന്റെ അര്‍ധസെഞ്ചുറിയും ഷായ് ഹോപ്പ്, ജേസണ്‍ ഹോള്‍ഡര്‍ ബിഷു, കെമര്‍ റോച്ച് എന്നിവരുടെ അവസരോചിത ഇന്നിംഗ്സുകളുമാണ് വിന്‍ഡീസ് സ്കോര്‍ 300 കടത്തിയത്. സ്കോര്‍ ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴെ ഹോമരാജിലുടെ(9) ആദ്യ വിക്കറ്റ് നഷ്ടമായ വിന്‍ഡീസിന് പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഹോപ്പുമൊത്ത്(32) പവല്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പവല്‍(51) പുറത്തായതിന് പിന്നാലെ മര്‍ലോണ്‍ സാമുവല്‍സും(0), റോമന്‍ പവലും(22) നിലയുറപ്പിക്കും മുമ്പ് മടങ്ങിയത് തിരിച്ചടിയായി.

എന്നാല്‍ വിക്കറ്റ് വീഴ്ചക്കിടയിലും തകര്‍ത്തടിച്ച ഹെറ്റ്മെര്‍ 74 പന്തില്‍ സെഞ്ചുറിയിലെത്തി. 78 പന്തില്‍ 106 റണ്‍സെടുത്ത് ഹെറ്റ്മെര്‍ പുറത്താവുമ്പോള്‍ വിന്‍ഡീസ് സ്കോര്‍ 248ല്‍ എത്തിയിരുന്നു. പിന്നീട് ജേസണ്‍ ഹോള്‍ഡറും(38) ദേവേന്ദ്ര ബിഷുവും(22 നോട്ടൗട്ട്), കെമര്‍ റോച്ചും( 22 പന്തില്‍ 26 നോട്ടൗട്ട്) വാലറ്റത്ത് നടത്തിയ വെടിക്കെട്ട് വിന്‍ഡീസിന് മികച്ച സ്കോര്‍ ഉറപ്പാക്കി.

ഇന്ത്യക്കായി 10 ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ 10 ഓവറില്‍ 81 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയും 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തി. 10 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത ഉമേഷ് യാദവിന് വിക്കറ്റൊന്നും ലഭിച്ചില്ല.