വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയാല്‍ കോലിയെ കാത്തിരിക്കുന്നത് വേറിട്ട നേട്ടം. പാക് ഇതിഹാസത്തിന് ഒപ്പമെത്താന്‍ കോലിക്കാകും...

ഹൈദരാബാദ്: വിന്‍ഡീസിനെതിരെ വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വേറിട്ട നേട്ടം. ഒരു സെഞ്ചുറി കൂടി നേടിയാല്‍ മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്‍റെ 25 സെഞ്ചുറികള്‍ എന്ന നേട്ടത്തിനൊപ്പമെത്തും കോലി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോലി 24-ാം സെഞ്ചുറി(139) തികച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് സെ‍ഞ്ചുറികളുടെ എണ്ണത്തില്‍ 21-ാം സ്ഥാനത്താണ് കോലിയിപ്പോള്‍. 

അമ്പത്തിയൊന്ന് സെഞ്ചുറി നേടിയിട്ടുള്ള സച്ചിനാണ് ടെസ്റ്റില്‍ കൂടുതല്‍ ശതകങ്ങള്‍ നേടിയിട്ടുള്ളത്. 200 ടെസ്റ്റുകളില്‍ 53.78 ശരാശരിയില്‍ 15921 റണ്‍സുമായി സച്ചിന്‍ തന്നെയാണ് റണ്‍വേട്ടയിലും മുന്നില്‍. 72 ടെസ്റ്റുകളില്‍ നിന്ന് 54.66 ശരാശരിയില്‍ 6286 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. എന്നാല്‍ ഇന്‍സമാം 120 ടെസ്റ്റുകളില്‍ 49.60 ശരാശരിയില്‍ 8830 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 49 സെഞ്ചുറി കുറിച്ച സച്ചിന് പിന്നില്‍ രണ്ടാമതുണ്ട് കോലി(35).