ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ടൈയില്‍ അവസാനിച്ചപ്പോള്‍ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവര്‍ ആയിരുന്നു നിര്‍ണായകമായത്. 14 റണ്‍സായിരുന്നു അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

വിശാഖപട്ടണം: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ടൈയില്‍ അവസാനിച്ചപ്പോള്‍ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവര്‍ ആയിരുന്നു നിര്‍ണായകമായത്. 14 റണ്‍സായിരുന്നു അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ ഷായ് ഹോപ് സിംഗിളെടുത്തു. ലോ ഫുള്‍ടോസായിരുന്ന രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച വാലറ്റക്കാരന്‍ ആഷ്‌ലി നേഴ്സിന് പിഴച്ചെങ്കിലും പാഡില്‍ തട്ടി ധോണിയെയും കബളിപ്പിച്ച് പന്ത് ബൗണ്ടറി കടന്നു. വിന്‍ഡീസ് ലക്ഷ്യം നാലു പന്തില്‍ 9 റണ്‍സ്. മൂന്നാം പന്തില്‍ നേഴ്സ് രണ്ട് റണ്‍സ് കൂടി ഓടിയെടുത്തു. നാലാം പന്തില്‍ നേഴ്സിനെ തേര്‍ഡ്മാനില്‍ അംബാട്ടി റായിഡു കൈയിലുതുക്കിയെങ്കിലും ഷായ് ഹോപ് സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ക്രോസ് ചെയ്തിരുന്നു.

Scroll to load tweet…

രണ്ട് പന്തില്‍ അപ്പോള്‍ വിന്‍ഡീസിന് വേണ്ടത് ഏഴു റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും രണ്ട് റണ്ണോടി ഹോപ് അവസാന പന്തിലേക്ക് പ്രതീക്ഷ കാത്തുവെച്ചു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ അവസാന പന്തില്‍ കണ്ണുംപൂട്ടി ബാറ്റ് വെച്ച ഹോപ്പിന് പിഴച്ചില്ല. പോയിന്റ് ബൗണ്ടറിയിലൂടെ അതിവേഗമെത്തിയ പന്തിലേക്ക് ബൗണ്ടറിയില്‍ നിന്ന റായിഡു ചാടി വീണെങ്കിലും വിരലുകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറി കടന്നു. വിന്‍ഡീസ് ഇന്ത്യക്ക് ടൈ കെട്ടുകയും ചെയ്തു.