അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് സൂചിപ്പിച്ച് നായകന്‍ വിരാട് കോലി. ഫോമിലല്ലാത്ത ഒരു താരത്തെ മാറ്റി പകരം ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ കളിപ്പിക്കാനാണ് കോലിയുടെ പദ്ധതി. അങ്ങനെവന്നാല്‍ പുറത്താകുക...

പുനെ: മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് അടുത്ത മത്സരം നിര്‍ണായകമായി. മധ്യനിര പിന്തുണ നല്‍കാതിരുന്നതാണ് സെഞ്ചുറി നേടിയിട്ടും കോലിക്ക് ടീമിനെ വിജയിപ്പിക്കാനാകാതെ പോയത്. ഇതോടെ നാലാം ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന് അവസരം ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്.

മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇത് സൂചിപ്പിക്കുകയും ചെയ്തു. ബാറ്റിംഗും ബൗളിംഗും ചെയ്യുന്ന താരത്തെ ടീമിലുള്‍പ്പെടുത്തിയാല്‍ ടീമിന്‍റെ ബാലന്‍സ്‌ കൃത്യമാകുമെന്ന് കോലി പറഞ്ഞു. 'അടുത്ത മത്സരത്തില്‍ കേദാര്‍ എത്തുന്നതോടെ ബാറ്റിംഗില്‍ കൂടുതല്‍ കരുത്തും ടീമിന് ബാലന്‍സും ലഭിക്കും. ടീമിന് വേണ്ട കൃത്യമായ ബാലന്‍സിംഗിനെ കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്'- കോലി പറഞ്ഞു.

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ കേദാര്‍ ജാദവിന്‍റെ പേരുണ്ടായിരുന്നില്ല. ഇതില്‍ താരം അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ജാദവിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കേദാര്‍ ടീമിലെത്തിയാല്‍ ആരെയാകും പുറത്തിരുത്തുക എന്ന കാര്യം കോലി സൂചിപ്പിച്ചിട്ടില്ല. മുംബൈയില്‍ 29-ാം തിയതിയാണ് നാലാം ഏകദിനം.