വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇന്ന്. ടീമില്‍ ഏറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കും. നാളെ വിന്‍ഡീസിനെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റ് മുതല്‍ കോലി മാറി നിന്നേക്കും.

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഇന്ന്. ടീമില്‍ ഏറെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കും. നാളെ വിന്‍ഡീസിനെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റ് മുതല്‍ കോലി മാറി നിന്നേക്കും. രണ്ടാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയും ഏകദിനങ്ങളില്‍ രോഹിത് ശര്‍മയും ഇന്ത്യയെ നയിക്കും.

എന്നാല്‍ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കോലി കളിക്കുമെന്നറിയുന്നു. അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് താരം വിട്ടുനില്‍ക്കും. അങ്ങനെയെങ്കില്‍ നവംബര്‍ ഒന്നിന് തിരുവനന്തപുരം, കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തില്‍ കോലി കളിക്കില്ല. ഏഷ്യാ കപ്പില്‍ ഇല്ലാതിരുന്ന വിരാട് കോലി, കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ മാത്രമേ ടീമിലുള്‍പ്പെടുകയുള്ളൂ. 

ഋഷഭ് പന്തിന് ഏകദിന ടീമിലേക്കുള്ള ആദ്യ വിളി വന്നേക്കും. ടെസ്റ്റ് മത്സരങ്ങളിലെ ഫോം ധോണിയുടെ ഫോമിലില്ലായ്മയും താരത്തിന് അനുകൂല ഘടകമാണ്. ദിനേശ് കാര്‍ത്തികാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവിനെ ടീമിലേക്ക് പരിഗണിക്കില്ല. മനീഷ് പാണ്ഡെയ്ക്കും ടീമില്‍ അവസരമുണ്ടാവില്ല. പാണ്ഡേയ്ക്ക് പകരം ബാറ്റ്‌സ്മാനായിട്ട് പന്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. 

ബൗളിങ് വകുപ്പില്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഖലീല്‍ അഹമ്മദ് സ്ഥാനം നിലനിര്‍ത്താനും സാധ്യതയേറെ. ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യ എ ടീമിനേയും ഇതോടൊപ്പം തെരഞ്ഞെടുക്കും. ഈ മാസം 21നാണ് പരന്പരയിലെ ആദ്യ മത്സരം നടക്കുന്നത്. നവംബര്‍ ഒന്നിനാണ് കാര്യവട്ടം ഏകദിനം.