ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്.

ലണ്ടന്‍: രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരേ ട്വിന്റി 20 ഇന്ത്യ സ്വന്തമാക്കി. ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ മൂന്നാം സെഞ്ചുറിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. ഇന്ത്യ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിദ്ധാര്‍ത്ഥ് കൗളും ദീപക് ചാഹറും ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. 

രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 56 പന്ത് നേരിട്ട ശര്‍മ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് 100 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ (മൂന്ന് പന്തില്‍ അഞ്ച്), കെ.എല്‍ രാഹുല്‍ (10 പന്തില്‍ 19) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും വിരാട് കോലി (29 പന്തില്‍ 43) ഹാര്‍ദി പാണ്ഡ്യ (14 പന്തില്‍ 33) എന്നിവര്‍ നിര്‍ണായക സംഭാവന നല്‍കി. 

നേരത്തെ ആതിഥേയര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷട്ത്തിലാണ് 198 റണ്‍സ് അടിച്ചെടുത്തത്. 67 റണ്‍സെടുത്ത ജേസണ്‍ റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. 

തകര്‍പ്പന്‍ തുടക്കമാണ് റോയും ജോസ് ബട്ലറും (21 പന്തില്‍ 34) ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബട്ലറെ കൗള്‍ പുറത്താക്കി. പിന്നാലെ എത്തിയ അലക്സ് ഹെയ്ല്‍സും (24 പന്തില്‍ 30) സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല് പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലിഷ് മധ്യനിരയുടെ നടുവൊടിച്ചു. 

ഹെയ്ല്‍സ്, ഓയിന്‍ മോര്‍ഗന്‍ (9 പന്തില്‍ 6), ബെന്‍ സ്റ്റോക്സ് (10 പന്തില്‍ 14), ജോണി ബെയര്‍സ്റ്റോ (10 പന്തില്‍ 14) എന്നിവരെ പാണ്ഡ്യ മടക്കി അയച്ചു. ഡേവിഡ് ബില്ലി (രണ്ട് പന്തില്‍ ഒന്ന്)യെ ഉമേഷ് യാദവും തിരിച്ചയച്ചതോടെ ഇതിലും വലിയ സ്‌കോര്‍ നേടുന്നതില്‍ ഇംഗ്ലണ്ട് പിറകോട്ട് പോയി. ഇന്ത്യക്ക് വേണ്ടി പാണ്ഡ്യക്ക് പുറമേ കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.