ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പ്രത്യേക പരിശീലനം. വെള്ളിയാഴ്ചയാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.

എതിരാളികളെ സ്വന്തം നാട്ടിൽ തരിപ്പണമാക്കുന്ന ടീം ഇന്ത്യയെ ദക്ഷിണാഫ്രിക്കയിൽ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ. കാഗിസോ റബാഡ, ഡെയ്ൽ സ്റ്റെയ്ൻ, ക്രിസ് മോറിസ്, മോർനേ മോർകൽ എന്നിവർ അണിനിരക്കുന്ന പേസ് നിര ആയിരിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കൻ പേസർമാരുടെ വേഗത്തെയും ബൗൺസിനെയും നേരിടാൻ പ്രത്യേക പരിശീലനത്തിലാണ് ടീം ഇന്ത്യ. ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറുടെ മേൽനോട്ടത്തിൽ ടെന്നിസ്ബോൾ ഉപയോഗിച്ചാണ് പരിശീലനം. ഇന്ത്യൻ ബൗളർമാരും പേസും ബൗൺസും പ്രയോജനപ്പെടുത്താൻ പ്രത്യേക പരിശീലനം നടത്തുന്നുണ്ട്. സ്ലിപ് ഫീൽഡിംഗ് പരിശീലനത്തിനും താരങ്ങൾ സമയം കണ്ടെത്തി. കേപ് ടൗണിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സെഞ്ചൂറിയനിലും മൂന്നാം ടെസ്റ്റ് ജൊഹാനസ്ബർഗിലും നടക്കും. പര്യടനത്തിൽ ആറ് ഏകദിനവും മൂന്ന് ട്വന്‍റി 20യുമുണ്ട്.